rahna-fathima

ന്യൂഡൽഹി :നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചത് കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ആക്‌ടിവിസ്‌റ്റായ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യ ഹർജ്ജി തള്ളി. ഇത്തവണ ജാമ്യം നൽകിയാൽ ഈ പ്രവൃത്തി രഹ്‌ന ആവർത്തിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പറഞ്ഞു.

കുട്ടികളെ എങ്ങനെ ഇതിന് ഉപയോഗിക്കാൻ തോന്നി ?​ സ്വന്തം നഗ്നശരീരത്തിൽ മകനെകൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ കുട്ടികൾക്ക് എന്ത് സന്ദേശമാണ് പകർന്ന് നൽകിയതെന്ന് രഹ്‌ന ഫാത്തിമയോട് ചോദിച്ച കോടതി ഇത്തരം കേസുകൾ പരിഗണിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു.

പുരുഷൻ മേൽവസ്ത്രം ധരിച്ചില്ലെങ്കിൽ ഇല്ലാത്ത എന്ത് അശ്ലീലമാണ് സ്ത്രീ മേൽവസ്ത്രം ധരിക്കാത്തതിലൂടെ ഉണ്ടാകുന്നതെന്ന് രഹ്‌ന‌ ഫാത്തിമയുടെ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ വാദിച്ചു. ഇതൊക്കെ മനസിലാക്കാനുള്ള പ്രായം രഹ്‌നയ്ക്കുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പ്രതികരിച്ചു.

അശ്ലീലമല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച്ുള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നതെന്ന് വാദിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഇതെല്ലാം നിരീക്ഷിച്ചതാണെന്നും പ്രഥമദൃഷ്ടിയിൽ കുറ്റം സ്പഷ്ടമാണെന്നും നിരീക്ഷിച്ച കോടതി ഹർജി തള്ളിയതായി അറിയിച്ചു. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ഹരേൻ പി. റാവൽ, സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് എന്നിവർ ഹാജരായി. രഹ്‌നയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകിയ ബി.ജെ.പി. നേതാവ് അരുൺ പ്രകാശിന് വേണ്ടി അഭിഭാഷക അൻസു കെ.വർക്കിയും ഹാജരായിരുന്നു.

പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് സ്വന്തം നഗ്നമേനിയിൽ ചിത്രം വരപ്പിച്ചശേഷം ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന കുറിപ്പോടെ അതിന്റെ വീഡിയോ രഹ്‌ന യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തതാണ് കേസിന് ആധാരം. പോക്‌സോ നിയമത്തിലെ 13,14,15 ,​ ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75 വകുപ്പുകളാണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.