ന്യൂഡൽഹി: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ മോഷ്ടാവ് ക്രൂര പീഡനത്തിനിരയാക്കിയ 12 കാരി അതീവഗുരുതരാവസ്ഥയിൽ. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള പടിഞ്ഞാറൻ ഡൽഹിയിലെ പീരഗാർഹിയിൽ താമസിക്കുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കൃഷ്ണനെ (33) പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു. നിരവധി മോഷണകേസിൽ പ്രതിയായ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്രിക അടക്കമുള്ള മാരകായുധങ്ങൾ കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം കടന്നു കളയുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയെ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്.
മോഷ്ടിക്കാനാണ് കൃഷ്ണൻ പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയതെന്ന് പൊലീസ് പറയുന്നു. ആദ്യ രണ്ട് നിലകളിലും ആളുകളുണ്ടെന്ന് മനസിലാക്കിയാണ് ഇയാൾ മൂന്നാം നിലയിലെത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുകയും പന്ത്രണ്ടുകാരിയെ ഹാളിൽ കാണുകയും ചെയ്ത കൃഷ്ണൻ വീട്ടിനുള്ളിൽ കയറി കതക് അടക്കുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപരിചിതനെ കണ്ട പെൺകുട്ടി നിലവിളിച്ചതോടെയാണ് ഇയാൾ കുട്ടിയെ കടന്നുപിടിച്ചത്.
കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാൻ തലയിലേക്ക് തയ്യൽ മെഷീൻ എറിഞ്ഞു. എന്നിട്ടും കുട്ടി അലമുറയിട്ടുളള കരച്ചിൽ തുടർന്നപ്പോൾ പ്രതി കത്രിക എടുത്ത് പെൺകുട്ടിയെ തുടർച്ചയായി അഞ്ചുതവണ കുത്തിയെന്ന് പൊലീസ് പറയുന്നു. ശേഷം പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി മരിച്ചു എന്ന് കരുതി അവിടെ നിന്ന് കടന്നുകളഞ്ഞു. സംഭവം നടക്കുമ്പോൾ കൃഷ്ണൻ മദ്യപിച്ചിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇതിനോടകം കുട്ടിയെ രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃഗങ്ങൾക്ക് സമാനമായ സമീപനമാണ് കുട്ടിക്ക് നേരെയുണ്ടായതെന്ന് കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പറഞ്ഞു.