ന്യൂഡൽഹി: കേരളതീരത്ത് വച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ ഇരകളുടെ കുടുംബങ്ങൾക്ക് ഇറ്റലി നഷ്ടപരിഹാരം നൽകിയാൽ മാത്രമേ നാവികർക്കെതിരായ കേസ് അവസാനിപ്പിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി.
'ഇറ്റലി അവർക്ക് നഷ്ടപരിഹാരം നൽകട്ടെ. എന്നിട്ടേ വിചാരണ നടപടികൾ പിൻവലിക്കാൻ അനുവദിക്കൂ.' -ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു.
യു.എൻ ട്രൈബ്യൂണലിന്റെ തീരുമാനത്തെത്തുടർന്ന് കേസുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതിയോട് അഭ്യർത്ഥിച്ച കേന്ദ്രം, നാവികർക്കെതിരെ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഇറ്റലി ഉറപ്പു നൽകിയിട്ടുണ്ടെന്നും അറിയിച്ചു. കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും ഇറ്റലി കത്തിൽ പറഞ്ഞതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
എന്നാൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇറ്റലി ആദ്യം നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.
'കേസുകൾ പിൻവലിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ കുടുംബങ്ങളുടെ ഭാഗം കേൾക്കണം. ഇരകളുടെ ബന്ധുക്കളെയും അവർക്ക് നൽകാനുള്ള ചെക്കുകളും ഇവിടെ കൊണ്ടുവരിക. കുടുംബത്തിൽ നിന്നും കേസവസാനിപ്പിക്കാനുള്ള അപേക്ഷ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനും' കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇറ്റാലിയൻ നാവികർക്ക് നയതന്ത്രസുരക്ഷ ലഭിക്കുമെന്ന് ഹേഗ് ആസ്ഥാനമായുള്ള പെർമനന്റ് കോർട്ട് ഒഫ് ആർബിട്രേഷൻ (പി.സി.എ) അടുത്തിടെ വിധിച്ചിരുന്നു. അതിനാൽ അവരെ ഇന്ത്യൻ കോടതികൾ വിചാരണ ചെയ്യാൻ കഴിയില്ല. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കും ബോട്ടിനുണ്ടായ നാശനഷ്ടത്തിനും നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും യു.എൻ ട്രൈബ്യൂണൽ അറിയിച്ചിരുന്നു.
കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ചാണ് മത്സ്യത്തൊഴിലാളികളെ വെടിവെച്ചതെന്നായിരുന്നു ഇറ്റലി വാദിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക ലെക്‌സിയിലെ സുരക്ഷാനാവികർ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പിൽ നീണ്ടകര സ്വദേശികളായ സെലസ്റ്റിൻ വാലൻൈറൻ, രാജേഷ് പിങ്കി എന്നിവർ കൊല്ലപ്പെട്ടിരുന്നു.