covid

ന്യൂഡൽഹി: വ്യാഴാഴ്ച 62,170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിദിന കൊവിഡ് രോഗികളിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. വ്യാഴാഴ്ച അമേരിക്കയിൽ 58,611, ബ്രസീലിൽ 54,801 എന്നിങ്ങനെയാണ് പുതിയ രോഗികൾ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവമാണ് ഇന്ത്യ ആഗോളതലത്തിൽ ഒന്നാമതെത്തുന്നത്.

ബുധനാഴ്ച ഇന്ത്യയിൽ 56,626 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 56,411,അമേരിക്കയിൽ 55,148.

ആഗസ്റ്റ് 2നും 3നും പ്രതിദിന രോഗികളുടെ എണ്ണവും പ്രതിദിന മരണവും ഇന്ത്യയിലായിരുന്നു കൂടുതൽ. രണ്ടിന് അമേരിക്കയിൽ 467 മരണവും ബ്രസീലിൽ 514 മരണവും. മൂന്നിന് അമേരിക്കയിൽ 562, ബ്രസീലിൽ 572 മരണവും റിപ്പോർട്ട് ചെയ്തു. ഈ ദിവസങ്ങളിൽ ഇന്ത്യയിൽ യഥാക്രമം 758, 810 എന്നിങ്ങനെയായിരുന്നു മരണം.

വ്യാഴാഴ്ച രാജ്യത്ത് 899 പേർക്ക് കൂടി ജീവൻ നഷ്ടമായി. തുടർച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികൾ അരലക്ഷം കടക്കുന്നത്. ആദ്യമായാണ് 60,000 പിന്നിടുന്നത്.

കൊവിഡ് മുക്തി ഉയർന്നു

അതേസമയം രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 67.98 ശതമാനമായി ഉയർന്നതായും മരണനിരക്ക് 2.05 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രോഗമുക്തി നേടിയവരുടെയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണത്തിലെ വ്യത്യാസം 7.7 ലക്ഷത്തിലധികമായി. കഴിഞ്ഞ 24 മണിക്കൂറിൽ 49,769 പേർക്ക് രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,78,105. രണ്ടാഴ്ചയ്ക്കിടെ രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 26,000ത്തിൽ നിന്ന് 44,000 ആയി ഉയർന്നു.

 ഹിമാചലിൽ ജൂലായ് 30ന് ചുമതലയേറ്റ ഊർജമന്ത്രി സുഖ് റാം ചൗധരിക്ക് കൊവിഡ്. ഇതോടെ സമ്പർക്കത്തിൽ വന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേഷ് കശ്യപ് ക്വാറന്റൈനിലായി. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലും സ്റ്റാഫുകളും സ്വയം നിരീക്ഷണത്തിൽ പോയി.

 ആന്ധ്ര തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി (48) കൊവിഡ് ബാധിച്ച് മരിച്ചു. പൂജാരിമാർ ഉൾപ്പെടെ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ170 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. മുൻ പൂജാരി ജൂലായിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

 പുതുച്ചേരി കാരയ്ക്കൽ ജില്ലാ കളക്ടർ അർജുൻ ശർമ്മയ്ക്ക് കൊവിഡ്

 മേഘാലയയിൽ രോഗികൾ ആയിരം കടന്നു.
 ആന്ധ്രയിൽ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ 247 തടവുകാർക്ക് കൊവിഡ്

 അസാം നിയമസഭയിലെ 11 ജീവനക്കാർക്ക് കൊവിഡ്. ആഗസ്റ്റ് 31ന് സഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ്.