ന്യൂഡൽഹി: ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ മൊബൈൽ, അതിവേഗ ബ്രോൻഡ്‌ബാൻഡ് ഇന്റർനെറ്റ്, സേവനത്തിനായി ചെന്നൈയിൽ നിന്ന് കടലിനടിയിലൂടെ വലിച്ച 2300 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ പദ്ധതി തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.
ചെന്നൈയിൽ നിന്ന് പോർട്ട് ബ്ളെയറിലേക്കും അവിടെ നിന്ന് സ്വരാജ് ദ്വീപ്, ലിറ്റിൽ ആൻഡമാൻ, കാർ നിക്കോബാർ, കമോർത്ത, ഗ്രേറ്റ് നിക്കോബാർ, റംഗത് തുടങ്ങിയ ദ്വീപുകളിലേക്കുമാണ് കേബിൾ ശ്രംഖല സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം 2018 ഡിസംബറിന് പ്രധാനമന്ത്രി തന്നെയാണ് നിർവ്വഹിച്ചത്. ദ്വീപിൽ നിലവിൽ ഉപഗ്രഹം വഴി ഇന്റർനെറ്റ്, മൊബൈൽ സേവനം ലഭ്യമാണെങ്കിലും ശേഷികുറവായത് കണക്കിലെടുത്താണ് ബി.എസ്.എൻ.എല്ലിന്റെ നേതൃത്വത്തിൽ 1224 കോടി രൂപ ചെലവിൽ ഈ പദ്ധതി നടപ്പിലാക്കിയത്.