ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ മകനും ശിരോമണി അകാലിദൾ എം.പിയുമായ നരേഷ് ഗുജ്‌റാളിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ് നരേഷ് ഗുജ്‌റാൾ.
കോൺഗ്രസ് എം.എൽ.എയും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്രയ്ക്കും കൊവിഡ് പോസിറ്റീവായി. മൈസൂരുവിലെ വരുണ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് നാൽപ്പതുകാരനായ യതീന്ദ്ര. അതേസമയം കൊവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലുള്ള സിദ്ധരാമയ്യയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സിദ്ധരാമയ്യയ്ക്ക് ചൊവ്വാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.
മരണം 42,000 കടന്നു
രാജ്യത്തെ കൊവിഡ് മരണം 42,000 കടന്നു. ആകെ രോഗികൾ 21 ലക്ഷത്തിലേക്ക് അടുത്തു. ആന്ധ്രയിൽ ആകെ രോഗികൾ രണ്ടുലക്ഷം കടന്നു. ഇന്നലെ സംസ്ഥാനത്ത് 10,171 പുതിയ രോഗികൾ. തുടർച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടക്കുന്നത്.