കോഴിക്കോട്: കരിപ്പൂരിലെ എയർ ഇന്ത്യ വിമാന അപകടത്തെക്കുറിച്ച് വ്യോമയാന വകുപ്പ് അന്വേഷണം തുടങ്ങി. ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ലാൻഡിംഗിന് നിർദ്ദേശം നൽകിയ എയർ ട്രാഫിക് കൺട്രോളിന് സാങ്കേതിക പിഴവുണ്ടായെന്നും സൂചനയുണ്ട്.
ഉദ്ദേശിച്ചതിലുമേറെ മുന്നോട്ടു നീങ്ങിയാണ് വിമാനം റൺവേ തൊട്ടതെന്നും ഓടിനിൽക്കാൻ സ്ഥലം തികയാതെ റൺവേ വിട്ട് താഴേക്ക് പതിച്ചെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. മഴ കാഴ്ച മറച്ചാലോ, സാങ്കേതിക പിഴവു മൂലമോ ലാൻഡിംഗ് പോയിന്റ് നിശ്ചയിക്കുന്നത് തെറ്റിയാൽ ഇങ്ങനെ സംഭവിക്കാം. ടേബിൾ ടോപ് റൺവേ അടുത്തും അകന്നും കാണുന്ന റൺവേ ഇല്യൂഷൻ എന്ന പ്രതിഭാസവും പൈലറ്റിന്റെ കണക്കു കൂട്ടൽ തെറ്റിക്കാം. ടേബിൾ ടോപ് റൺവേയുടെ നീളക്കുറവും അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു.
മഴയിൽ ആദ്യ ലാൻഡിംഗ് ശ്രമം വിഫലമായിരുന്നു. തുടർന്ന് ആകാശത്ത് വട്ടം ചുറ്റിയ ശേഷമായിരുന്നു രണ്ടാമത്തെ ലാൻഡിംഗ്. അപ്പോഴും മഴ ശക്തമായിരുന്നെങ്കിലും 2000 മീറ്റർ വരെ കാഴ്ചയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി ) നിന്ന് സന്ദേശം പോയിരുന്നു. വ്യോമയാന വകുപ്പിന്റെ കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എ.ടി.സി യും പൈലറ്റും തമ്മിലുള്ള സന്ദേശങ്ങളും പൈലറ്റ്മാരുടെ സംഭാഷണങ്ങളും വിമാനത്തിന്റെ നീക്കങ്ങളും രേഖപ്പെടുത്തുന്ന ഡിജിറ്റൽ ഫ്ളൈറ്റ് ഡേറ്റാ റെക്കോർഡറും കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറും പരിശോധിക്കുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
വിനയായത് റൺവേയുടെ നീളക്കുറവ്
റൺവേയിലൂടെ കുതിച്ച വിമാനം പുല്ലു നിറഞ്ഞ സുരക്ഷാ മേഖലയും കടന്നാണ് 35 അടി താഴ്‌ചയിലേക്ക് പതിച്ചത്. മംഗളുരു ടേബിൾ ടോപ് വിമാനത്താവളത്തിലെ അപകടം കണക്കിലെടുത്ത് കരിപ്പൂരിലും ടേബിൾ ടോപ് റൺവേയുടെ നീളം കൂട്ടി സുരക്ഷിതമാക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നു. അത് പാലിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ 9,383 അടിയാണ് കരിപ്പൂരിലെ റൺവേയുടെ നീളം. സാധാരണ ഗതിയിൽ ഇത് മതിയാകുമെങ്കിലും ടേബിൾ ടോപ്പിന് അപകട സാദ്ധ്യത കൂടുതലായതിനാൽ നീളം കൂട്ടണമെന്നാണ് ആവശ്യം. മംഗളുരുവിൽ 8,000 അടിയായിരുന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. തുടർന്ന് 9,000 അടിയാക്കി കൂട്ടി. അത്രയും ആയാലും അപകട സാദ്ധ്യത ഉണ്ടെന്നാണ് കരിപ്പൂരിൽ വ്യക്തമാകുന്നത്.