കോഴിക്കോട്: വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണം അവ്യക്തമായി തുടരുമ്പോഴും മുഖ്യപൈലറ്റ് ക്യാപ്‌ടൻ ദീപക് വസന്ത് സാഠെയുടെ അനുസഭവ സമ്പത്താണ് ദുരന്തത്തിന്റെ വ്യാപ്‌തി കുറച്ചതെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിമാനം 35 അടിയോളം താഴ്ചയിലേക്ക് പതിച്ചെങ്കിലും അതിന് മുമ്പ് വിമാനം നിയന്ത്രിച്ച് പരമാവധി വേഗത കുറച്ചതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. വിമാനം അമിത വേഗതയിലായിരുന്നു താഴേക്ക് പതിച്ചതെങ്കിൽ അതിന്റെ ആഘാതത്തിൽ തീപിടിക്കാനും ആളപായം വർദ്ധിക്കാനും സാദ്ധ്യതയുണ്ടായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ 27 തവണ വിമാനം ഇറക്കിയ പരിചയമുണ്ട് മുംബയ് സ്വദേശിയായ വസന്ത് സാഠെയ്ക്ക്. കരിപ്പൂർ പോലെ ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ വിപുലമായ മുൻപരിചയമുള്ള വൈമാനികരെയാണ് നിയോഗിക്കുക. വ്യോമസേനയിലായിരുന്ന സാഠെയ്‌ക്ക് 10,000 മണിക്കൂറിലേറെ വിമാനം പറത്തിയ പരിചയമുണ്ടെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
1980ൽ പൂനെ നാഷണൽ ഡിഫൻസ് അക്കാഡമിയിലെ കോഴ്സ് കഴിഞ്ഞിറങ്ങിയ സാഠെ ഹൈദരാബാദ് ദുണ്ടിഗർ എയർഫോഴ്സ് അക്കാഡമിയിൽ നിന്ന് സ്വോർഡ് ഓഫ് ഓണർ ബഹുമതിയോടെയാണ് പരിശീലനം പൂർത്തിയാക്കിയത്.
2003-ൽ സേനയിൽ നിന്ന് വിരമിച്ച ശേഷം സാഠെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിൽ ടെസ്റ്റ് പൈലറ്റ് ആയിരുന്നു. 2013-ലാണ് എയർ ഇന്ത്യയിൽ ചേർന്നത്.
പിതാവാകാനുള്ള കാത്തിരിപ്പിനിടെ ദുരന്തം
അപകടത്തിൽ കൊല്ലപ്പെട്ട സഹപൈലറ്റ് അഖിലേഷ് കുമാർ മേയിൽ വന്ദേ ഭാരത് ദൗത്യത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിലേക്കുള്ള ആദ്യ വിമാനം പറത്തിയ ആളാണ്. അതേ സർവീസിൽ തന്നെ അന്ത്യയാത്രയായി. 2017ൽ എയർഇന്ത്യയിൽ ചേർന്ന ഇദ്ദേഹത്തിന്റെ ഭാര്യ പൂർണ ഗർഭിണിയാണ്. മാർച്ചിൽ കൊവിഡ് വ്യാപനത്തിന് മുമ്പാണ് ഒടുവിൽ ഭാര്യയെ കണ്ടത്. പ്രസവം അടുത്ത ഭാര്യയെ ശുശ്രൂഷിക്കാൻ ഉടനെത്താമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.