ന്യൂഡൽഹി: ഹൈക്കോടതിയിലെ കേസ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസിൽ ലയിച്ച ആറ് ബി.എസ്.പി എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ പാർട്ടി ടിക്കറ്റിൽ ജയിച്ച് കോൺഗ്രസിൽ ലയിച്ച എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി നൽകിയ ഹർജി ആഗസ്‌റ്റ് 11ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണിത്.
കൂറുമാറ്റ നിരോധനം സംബന്ധിച്ച് സച്ചിൻ പൈലറ്റിനും വിമത എം.എൽ.എമാർക്കുമെതിരെ സ്‌പീക്കർ സി.പി.ജോഷി നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാൽ ഹൈക്കോടതിയിലെ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നതാണ് ആവശ്യം. കൂറുമാറ്റം നിരോധിക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വകുപ്പ് പ്രകാരം അംഗങ്ങളുടെ മാതൃ പാർട്ടി മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിൽ ലയിക്കുന്നത് അയോഗ്യതയാകില്ലെന്ന വാദമാണ് എം.എൽ.എമാർ ഉയർത്തുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ ജയിച്ച ശേഷം 2019ൽ കോൺഗ്രസിൽ ചേർന്ന ആറ് എം.എൽ.എമാരുടെ പിന്തുണ വിശ്വാസവോട്ടെടുപ്പിൽ അശോക് ഗെലോട്ട് സർക്കാരിന് നിർണായകമാണ്. ആഗസ്‌റ്റ് 14നാണ് നിയമസഭ ചേരുന്നത്.