mm

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കുതിപ്പ് തുടരുന്നു. രോഗികൾ 22 ലക്ഷം കടന്നു. കൊവിഡ് മരണം 44,000 പിന്നിട്ടു. ശനിയാഴ്ച 65,156 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ,പ്രതിദിന രോഗികളിൽ ഇന്ത്യ വീണ്ടും ആഗോളതലത്തിൽ ഒന്നാമതായി.

ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 65,000 കടക്കുന്നത്. ഇന്നലെ 875 പേർക്ക് ജീവൻ നഷ്ടമായി. തുടർച്ചയായ മൂന്നാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളിൽ ഒന്നാമതുള്ള അമേരിക്കയിൽ 54,199 പുതിയ രോഗികളും രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 46,305 പുതിയ രോഗികളുമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.

 ആന്ധ്ര തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലെ 743 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂജാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

 മിസോറാമിൽ 17 ബി.എസ്.എഫുകാർക്ക് കൂടി കൊവിഡ്
 ത്രിപുരയിൽ രണ്ട് ബിഎസ്.എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു
 തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എ കെ. മാണിക്യത്തിന് കൊവിഡ്
 ആന്ധ്രപ്രദേശിലെ കോൺഗ്രസ് നേതാവ് യദ്ല ആദിരാജു കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു.

ഏഴുലക്ഷം പരിശോധനകൾ

ഒരു ദിവസം ഏഴു ലക്ഷം പരിശോധനകളെന്ന റെക്കാർഡ് നേട്ടത്തിൽ ഇന്ത്യയെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടത്തിയത് 7,19,364 പരിശോധനകളാണ്. ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 53,879 പേർക്ക് രോഗം ഭേദമായതോടെ കൊവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 14,80,884 ആയി. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ 2.36 മടങ്ങാണ് രോഗമുക്തി നേടിയവരുടെ എണ്ണം. രോഗമുക്തി നിരക്ക് 68.78 ശതമാനം. മരണ നിരക്ക് വീണ്ടും കുറഞ്ഞ് 2.01 ശതമാനമായി.