ന്യൂഡൽഹി: കൊവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി വരെ ഇടക്കാല - ദീർഘകാല വായ്പ നൽകുന്ന കാർഷിക പശ്ചാത്തല ഫണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡുവായി 2,280 കർഷക സൊസൈറ്റികൾക്കുള്ള 1000 കോടി രൂപയും കൈമാറി. ഇതോടൊപ്പം പി.എം കിസാൻ പദ്ധതി പ്രകാരം 8.5 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 17,000 കോടി രൂപയും പ്രധാനമന്ത്രി നിക്ഷേപിച്ചു.
2018 ഡിസംബറിൽ നിലവിൽ വന്ന പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 10കോടിയിലധികം കർഷകരുടെ അക്കൗണ്ടിൽ 90,000കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പ്രതിവർഷം 6000 രൂപ വീതം കർഷകർക്ക് ലഭിക്കുന്നതാണ് പദ്ധതി.
കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളിലെ ആളുകളുമായി വീഡിയോ കോൺഫറൻസ് വഴി സംവദിച്ചാണ് പ്രധാനമന്ത്രി കാർഷിക പശ്ചാത്തല ഫണ്ട് ഉദ്ഘാടനം ചെയ്തത്. വായ്പ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് സൊസൈറ്റി അംഗങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
കാർഷിക ഫണ്ട് വഴി കർഷകരുടെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതോടെ ആഗോള നിലവാരത്തിൽ ഉത്പന്നങ്ങൾ തയ്യാറാക്കാൻ അവസരമൊരുങ്ങുമെന്ന് പ്രധാനമന്ത്രി പിന്നീട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
കാർഷിക പശ്ചാത്തല ഫണ്ട് വായ്പ
സാമ്പത്തിക വർഷത്തിൽ 30,000 കോടി രൂപ വീതം നാലു വർഷം കൊണ്ടാണ് വിതരണം ചെയ്യുക.
പ്രതിവർഷം 3 ശതമാനം വീതം ഏഴുവർഷം പലിശയിളവ്.
ആറുമാസം മുതൽ പരമാവധി 2 വർഷം വരെ തിരിച്ചടവിന് മോറട്ടോറിയം കാലാവധിയുണ്ടാകും.
ഗുണഭോക്താക്കൾ
പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ, മാർക്കറ്റിംഗ് സഹകരണ സൊസൈറ്റികൾ, കർഷക വിള സംഘടനകൾ), സ്വയം സഹായ സംഘങ്ങൾ, കർഷകർ, സംയുക്ത ബാദ്ധ്യതാ ഗ്രൂപ്പുകൾ, വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അടിസ്ഥാനസൗകര്യ ദാതാക്കൾ, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികൾ എന്നിവയ്ക്കാണ് വായ്പ ലഭിക്കുക.