ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോർഫ് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തതിന് മദ്ധ്യപ്രദേശ് മുൻമന്ത്രിക്കെതിരെ കേസ്. കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റും എം.എൽ.എയുമായ ജിത്തു പട്വാരിക്കെതിരെയാണ് ഇൻഡോറിലെ ചാത്തിപുര പൊലീസ് വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തത്. പ്രധാനമന്ത്രിയുടെ അന്തസിനെയും ഹിന്ദുക്കളുടെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ട്വീറ്റ് എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് ഗൗരവ് രൺദിവെയാണ് പരാതി നൽകിയത്. വിവാദമായതോടെ ട്വീറ്റ് പട്‌വാരി നീക്കി. കമൽനാഥ് മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.