ന്യൂഡൽഹി: ശനിയാഴ്ച വൈകിട്ട് ഡൽഹി സെെബർ സെൽ ഡെപ്യൂട്ടി കമ്മിഷണർ അന്യേഷ് റോയിയുടെ മൊബൈൽ ഫോണിലേക്ക് അയർലണ്ടിൽ ഫേസ്ബുക്കിൽ ജോലി ചെയ്യുന്ന ഒരാളുടെ ഫോൺ വന്നു. ഡൽഹിയിൽ ഒരാൾ ആത്മഹത്യാ പ്രവണത കാട്ടുന്ന പോസ്റ്റുകളിടുന്നുണ്ടെന്നും പെട്ടെന്ന് ചെന്നാൽ രക്ഷിക്കാമെന്നുമായിരുന്നു ഫോൺ സന്ദേശം. ഫേസ്ബുക്കിൽ ലോഗിൻ ചെയ്തിട്ടുള്ള ഡൽഹി മൊബൈൽ നമ്പരും അയർലണ്ടുകാരൻ കൈമാറി.
റോയി ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ഡൽഹി മന്ദാവലിയിൽ താമസിക്കുന്ന സ്ത്രീയുടേതാണെന്ന് മനസിലായി. ഉടൻ കിഴക്കൻ ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ജസ്മീത് സിംഗിനെ വിളിച്ച് കാര്യം പറഞ്ഞു. മിനിട്ടുകൾക്കുള്ളിൽ മന്ദാവലിയിലെ വിലാസത്തിൽ പൊലീസ് എത്തി. വാതിൽ തുറന്നത് ആത്മഹത്യ ചെയ്യാനൊരുങ്ങി നിൽക്കുകയാണെന്ന് കരുതിയ സ്ത്രീ. പൊലീസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവരുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് ഭർത്താവ് രാജേഷാണെന്നും അദ്ദേഹം മുംബയിൽ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുകയാണെന്നും അറിഞ്ഞത്.
അവർ നൽകിയ രാജേഷിന്റെ നമ്പരിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. ഡെപ്യൂട്ടി കമ്മിഷണർ റോയ് ഉടൻ മുംബയ് പൊലീസിന് വിവരം കൈമാറി. അവർ ഫോണിന്റെ ലൊക്കേഷൻ നോക്കി രാജേഷിന്റെ താമസസ്ഥലം കണ്ടെത്തി. മുംബയ് നഗരത്തിന് വെളിയിൽ ഭയന്തറിലെ രാജേഷിന്റെ വീട്ടിലേക്ക് പൊലീസ് സംഘം പുറപ്പെട്ടു. യാത്രയ്ക്കിടെ രാജേഷ് ഫോൺ ഓൺ ചെയ്തതിനാൽ കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിക്കാനായി. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഉദ്യമത്തിൽ നിന്ന് ആളെ രക്ഷിച്ചു. അങ്ങനെ വിദേശത്ത് നിന്ന് വന്ന ഒരു ഫോൺ വഴി രണ്ടു സംസ്ഥാനങ്ങളിലായി നടന്ന ഓപ്പറേഷനിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് പൊലീസിനും അഭിമാനിക്കാവുന്നതായി.