sonia

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ പദവിയിൽ സോണിയാ ഗാന്ധിയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ സോണിയ തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.

പുതിയ അദ്ധ്യക്ഷനെ താമസിയാതെ തിരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് വക്താവും രാജ്യസഭാ എം.പിയുമായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഇതിനായി പാർട്ടി ഭരണഘടനാ പ്രകാരമുള്ള നടപടി ക്രമങ്ങളുണ്ട്. പ്രവർത്തക സമിതി ചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുക. ഉടൻ തന്നെ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നും സിംഗ്‌വി അറിയിച്ചു.

അതിനിടെ സോണിയാ ഗാന്ധിക്ക് മേൽ അനിശ്ചിതമായി ഭാരം കെട്ടിവയ്‌ക്കുന്നത് ഉചിതമല്ലെന്നും നയിക്കാനാളില്ലാത്ത പാർട്ടിയെന്ന ദുഷ്‌പേര് മാറ്റാൻ രാഹുൽ ഗാന്ധി ഉടൻ നേതൃത്വം ഏറ്റെടുക്കണമെന്നും ശശി തരൂർ എം.പി ആവശ്യപ്പെട്ടു.

'കോൺഗ്രസ് മുഴുവൻ സമയ പ്രസിഡന്റിനെ ഉടൻ തിരഞ്ഞെടുക്കണം. നയിക്കാനാളില്ലാത്ത പാർട്ടിയെന്ന ദുഷ്‌പേര് മാറ്റണം. സോണിയാ ഗാന്ധി അനിശ്ചിതമായി ബാദ്ധ്യത പേറുന്നത് ശരിയല്ല. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി എന്തുകൊണ്ടും യോഗ്യനാണ്. അതിനുള്ള കഴിവും നേതൃത്വ പാടവവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം തയ്യാറല്ലെങ്കിൽ പുതിയ ആളെ തിരഞ്ഞെടുക്കണമെന്നും" തരൂർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് 2019 മേയിൽ രാഹുൽ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സോണിയാ ഗാന്ധി താത്‌ക്കാലികമായി നേതൃത്വം ഏറ്റെടുത്തത്.