eia-draft

ന്യൂഡൽഹി: വിവിധ പദ്ധതികൾക്കുള്ള അനുമതികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാതപഠന വിജ്ഞാപനത്തിന്റെ കരടിൻമേൽ(ഇ.ഐ.എ ഡ്രാഫ്റ്റ്-2020) പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസരം അവസാനിക്കുന്നു. eia2020-moefcc@gov.in. എന്ന ഇ-മെയിൽ വിലാസത്തിൽ അഭിപ്രായവും എതിർപ്പും ഇന്നുകൂടി അറിയിക്കാം. രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള അപകടകരമായ വിജ്ഞാപനമാണിതെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. അതേസമയം വിമർശനം അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇത് അന്തിമ വിജ്ഞാപനമല്ല. കരടാണ്. ഇതിൽ നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അത് പരിഗണിച്ച് അന്തിമ വിജ്ഞാപനം തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

40 വിഭാഗം പദ്ധതികൾക്ക് മുൻകൂർ അനുമതി വേണ്ട

2006ലെ വിജ്ഞാപനത്തിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്. ഖനനം,അണക്കെട്ട്, വ്യവസായ ശാലകൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ തുടങ്ങി ഒരു പദ്ധതി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കലാണ് പാരിസ്ഥിതികാഘാത പഠനം കൊണ്ട് ലക്ഷ്യമിടുന്നത്. പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരുന്നു പ്രോജക്ടുകൾക്കുള്ള അന്തിമ അനുമതി. എന്നാൽ പുതിയ ഭേദഗതി പ്രകാരം കളിമൺ,മണൽ ഖനനം,2000 ഹെക്ടർവരെ ജലസേചനം ലക്ഷ്യമിട്ടുള്ള ചെറുകിട ജലസേചന പദ്ധതി തുടങ്ങി 40 വിഭാഗം പദ്ധതികളെ മുൻകൂർ പാരിസ്ഥിതികാനുമതിയിൽ നിന്ന് ഒഴിവാക്കി.

പദ്ധതിയിലെ കുരുക്കുകൾ

♦ പ്രതിരോധമേഖല ഉൾപ്പെടെ തന്ത്രപ്രധാനം എന്ന് സർക്കാർ നിശ്ചയിക്കുന്ന പദ്ധതികളുടെ വിവരം പൊതുജനങ്ങൾക്ക് നൽകേണ്ടതില്ല.

♦ ഉൾനാടൻ ജലഗതാഗത പദ്ധതികൾ, ഹൈവെ വികസനം എന്നിവയ്ക്ക് മുൻകൂർ അനുമതി വേണ്ട.

♦ 1,50,000 സ്ക്വയർ മീറ്റർ വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇ.ഐ.എ വേണ്ട.

♦ 25 മെഗാവാട്ട് വരെയുള്ള ജലവൈദ്യുത പദ്ധതി, കരയിലെയും കടലിലെയും എണ്ണ പര്യവേക്ഷണം, ചെറിയ, ഇടത്തരം സിമന്റ് ഫാക്ടറികൾ, അമോണിയ, സൾഫ്യൂറിക് ആസിഡ് എന്നിവ ഒഴികയെുള്ള ആസിഡ് നിർമ്മാണ യൂണിറ്റുകൾ, തുടങ്ങിയവയെ ജനാഭിപ്രായം തേടുന്നതിൽ നിന്നും ഒഴിവാക്കി.

♦ പബ്ലിക് ഹിയറിംഗിനുള്ള നോട്ടീസ് കാലാവധി 30ൽ നിന്ന് 20 ദിവസമായി കുറച്ചു.