ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമർശത്തിൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ നടത്തിയ വിശദീകരണം സുപ്രീംകോടതി തള്ളി. പ്രശാന്ത്ഭൂഷന്റെ പരാമർശം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് ലോക്ക്ഡൗണിന് ശേഷം സാധാരണനിലയിൽ വാദം കേൾക്കൽ പുനരാരംഭിക്കുന്ന ഘട്ടത്തിലേക്ക് കേസ് ലിസ്റ്റ് ചെയ്യണമെന്ന പ്രശാന്ത്ഭൂഷണിന്റെ പിതാവും മുതിർന്ന അഭിഭാഷകനും മുൻ നിയമ മന്ത്രിയുമായ ശാന്തി ഭൂഷണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
2009ൽ തെഹൽക മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ 16 ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന പരാമർശം പ്രശാന്ത് ഭൂഷൺ നടത്തിയത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രശാന്ത് ഭൂഷണിനെതിരെ മറ്റൊരു കോടതിയലക്ഷ്യ ഹർജിയും പരിഗണനയിലാണ്. ആദ്യത്തെ ഹർജിയിൽ പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.