ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ അതിവേഗ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒ.എഫ്.സി) കണക്റ്റിവിറ്റി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പോർട്ട് ബ്ലെയർ, പോർട്ട്‌ബ്ലെയർ ലിറ്റിൽ ആൻഡമാൻ, പോർട്ട് ബ്ലെയർ സ്വരാജ് ദ്വീപ് എന്നീ പ്രധാന ദ്വീപുകളിൽ ഇന്നലെ മുതൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമായി തുടങ്ങി.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ ചെലവ് കുറഞ്ഞതും മികച്ചതുമായ കണക്റ്റിവിറ്റിയും ഓൺലൈൻ വിദ്യാഭ്യാസം, ടെലി മെഡിസിൻ, ഓൺലൈൻ വ്യാപാരം, വിനോദസഞ്ചാര വികസനം, ബാങ്കിംഗ് സംവിധാനം തുടങ്ങി ഡിജിറ്റൽ ഇന്ത്യയുടെ ഗുണഫലങ്ങളും ലഭിക്കാൻ വഴിയൊരുക്കുന്നതാണ് ഒ.എഫ്.സി പദ്ധതി. ദ്വീപസമൂഹങ്ങളിൽ കരവ്യോമജലപാതകളിലൂടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാറിനെ തുറമുഖ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റും. പതിനായിരം കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗ്രേറ്റ് നിക്കോബാർ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖം ഇതിന്റെ ഭാഗമാണ്. ഇതു വലിയ കപ്പലുകൾക്ക് നങ്കൂരമിടാൻ അവസരമൊരുക്കും.
വരുന്നത് വൻപദ്ധതികൾ
1200 യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ്. ദിഗ്ലീപുർ, കാർ നിക്കോബാർ, ക്യാമ്പ്‌ബെൽ ബേ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും പ്രവർത്തനസജ്ജമാണ്. സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ്, ലോംഗ് ഐലൻഡ് എന്നിവിടങ്ങളിലെ പാസഞ്ചർ ടെർമിനലും ഫ്‌ളോട്ടിങ് ജെട്ടി പോലുള്ള വാട്ടർ എയ്‌റോഡ്രോം ഇൻഫ്രാസ്ട്രക്ചറും വരും മാസങ്ങളിൽ തയ്യാറാകും. ദ്വീപുകളും പ്രധാന ഭൂപ്രദേശവുമായുള്ള ജലഗതാഗതം മെച്ചപ്പെടുത്താൻ കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന നാലു കപ്പലുകൾ ഉടൻ എത്തിക്കും.
" 2018 ഡിസംബർ 30ന് ഞാൻ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച പദ്ധതി വലിയ തിരമാലകൾ, കൊടുങ്കാറ്റുകൾ, കാലവർഷം തുടങ്ങിയ പ്രതിസന്ധികൾക്കും കൊറോണ മഹാമാരിക്കുമിടെ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയായത് പ്രശംസനീയമാണ്. ആൻഡമാൻകാർക്കുള്ള എന്റെ സ്വാതന്ത്ര്യദിന സമ്മാനമാണിത്." - പ്രധാനമന്ത്രി
ഒ.എഫ്.സി വിപ്ലവം
♦ ചെന്നൈയിൽ നിന്ന് 2300 കിലോമീറ്റർ ദൈർഘ്യത്തിൽ കടലിനടിയിലൂടെ
♦ ചെന്നൈയിൽ നിന്ന് പോർട്ട്ബ്ളെയർ വരെ 400 ജിബി വേഗതയിലും പോർട്ട് ബ്ളെയറിൽ നിന്ന് മറ്റു ദ്വീപുകളിലേക്ക് 200 ജിബി വേഗതയിലും ഇന്റർനെറ്റ് സേവനങ്ങൾ
♦ നിലവിൽ ദ്വീപിൽ ഉപഗ്രഹം വഴി ലഭിക്കുന്ന ഇന്റർനെറ്റിന്റെ പത്തു മടങ്ങാണിത്.
♦ പോർട്ട്ബ്ളെയർ അടക്കം 12 ദ്വീപുകളിൽ ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ലഭ്യമാക്കാൻ 1,224 കോടി ചെലവിലാണ് പദ്ധതി