ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നതകളെ തുടർന്ന് വിമതവേഷം കെട്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നതായി സൂചന. തന്നെ രാജസ്ഥാനിലെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നതടക്കം മൂന്ന് ഉപാധികൾ സച്ചിൻ മുന്നോട്ടു വച്ചെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിനായി ഈമാസം 14ന് നിയമസഭ സമ്മേളിക്കാനിരിക്കെയാണ് നിർണായക നീക്കങ്ങൾ.
സച്ചിൻ മുൻകൈയെടുത്ത് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതിനെ തുടർന്ന് ഡൽഹിയിൽ രാഹുലിന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് ഇരുവരും കണ്ടിരുന്നു. രണ്ടുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കിടെ തന്നെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും തന്റെ അനുയായികളായ രണ്ടുപേരെ ഉപമുഖ്യമന്ത്രിമാരായി നിയമിക്കണമെന്നും താൻ ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാമെന്നും സച്ചിൻ പറഞ്ഞതായാണ് വിവരം. കൂടാതെ തന്റെ കൂടെ നിൽക്കുന്ന എം.എൽ.എമാർ മുമ്പ് വഹിച്ചിരുന്ന മന്ത്രിപദം, കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളും തിരികെ നൽകണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത കാര്യങ്ങൾ പൂർണമായി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സച്ചിൻ നേരത്തെ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി, പി.സി.സി അദ്ധ്യക്ഷ പദവികളിലേക്ക് തിരിച്ചു വരണമെന്നാണ് രാഹുൽ പറഞ്ഞത്. അശോക് ഗെലോട്ടുമായുള്ള ഭിന്നതകൾ ഭരണത്തെ ബാധിക്കാതിരിക്കാൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കാമെന്നും രാഹുൽ ഉറപ്പു നൽകി.
സച്ചിന്റെ ആവശ്യങ്ങൾ പരിശോധിക്കാൻ സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം മൂന്നംഗ എ.ഐ.സി.സി സമിതി രൂപീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രാജസ്ഥാൻ സർക്കാരിന്റെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സച്ചിൻ സന്നദ്ധത പ്രകടിപ്പിച്ചെന്നും വേണുഗോപാൽ പറഞ്ഞു. സച്ചിൻ-രാഹുൽ ചർച്ചയിൽ വേണുഗോപാലും പങ്കെടുത്തിരുന്നു.
ഔദ്യോഗികപക്ഷത്തിന് എതിർപ്പ്
നിരുപാധികമായി വിമത എം.എൽ.എമാരെ തിരികെ പ്രവേശിപ്പിക്കരുതെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഗെലോട്ടിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാർ താമസിക്കുന്ന ജയ്സാൽമീരിലെ ഹോട്ടലിൽ ഇന്നലെ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു.സച്ചിന്റെ നേതൃത്വത്തിൽ 19 എം.എൽ.എമാർ വിഘടിച്ചെങ്കിലും 102 എം.എൽ.എമാരുടെ പിന്തുണയുള്ളതിനാൽ അശോക് ഗെലോട്ടിന് തത്ക്കാലം ഭീഷണിയില്ല. ബി.ജെ.പി സഹായത്തോടെ നടത്തിയ ശ്രമങ്ങൾ ഫലംകാണാത്തത് വിമത ക്യാമ്പിനെ നിരാശപ്പെടുത്തിയെന്നാണ് വിവരം. തുടർന്ന് ചില എം.എൽ.എമാർ ഡൽഹിയിലെ മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് തിരിച്ചുവരാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.