ന്യൂഡൽഹി: ട്രെയിനിൽ വച്ച് നഷ്ടപ്പെട്ട പഴ്‌സ് യുവാവിന് തിരിച്ചുകിട്ടി. 14 വർഷങ്ങൾക്ക് ശേഷം. മുംബൈയിലാണ് സംഭവം. 2006 ൽ ഛത്രപതി ശിവാജി മാഹാരാജ് ടെർമിനലിൽ നിന്ന് പനവേൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് ഹേമന്ത് പഠാൽക്കർ എന്നയാളുടെ പഴ്‌സ് നഷ്ടപ്പെടുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിൽ പഴ്സ് തിരികെ കിട്ടിയതായി റെയിൽവേ പൊലീസ് അറിയിച്ചു.
പഴ്‌സ് നഷ്ടപ്പെട്ടപ്പോൾ അഞ്ഞൂറിന്റെ നോട്ട് അടക്കം 900 രൂപയാണ് ഉണ്ടായിരുന്നത്. റെയിൽവേ പൊലീസ് 100 രൂപ സ്റ്റാമ്പ് പേപ്പർ വർക്കുകൾക്കായി ഈടാക്കിയതായും 300 രൂപ തിരികെ നൽകിയതായും പഠാൽക്കർ പറഞ്ഞു. പഴയ 500 ന്റെ നോട്ട് അസാധുവായതിനാൽ പുതിയ നോട്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
പഠാൽക്കറിന്റെ പഴ്‌സ് മോഷ്ടിച്ചയാളെ കുറച്ചുനാൾ മുൻപ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പഠാൽക്കറുടെ പഴ്‌സ് കണ്ടെടുത്ത് തിരികെ നൽകുകയായിരുന്നു.