ന്യൂഡൽഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിലാണ് ചട്ടങ്ങൾ പരിഷ്‌കരിക്കുക. കേന്ദ്ര ഊർജ മന്ത്രാലയം അന്തിമ രൂപം നൽകിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച് ചട്ടങ്ങൾ ഉൾപ്പെടുത്തിയത്. വൈദ്യുതി വിതരണ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കുമുള്ള ഉത്തരവാദിത്തങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് നയമെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പുതിയ താരിഫ് നയം ഊർജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുൻകൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാവും. അടുത്ത തവണ വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ആ തുക കുറച്ച് ബാക്കി പണം അടച്ചാൽ മതി .ലോഡ് ഷെഡിംഗിന് പിഴ ചുമത്താനുള്ള വ്യവസ്ഥകൾ അടക്കമുള്ളവ ഉൾപ്പെട്ട പുതിയ താരിഫ് നയം ഉടൻ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിലുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.