ന്യൂഡൽഹി :40,000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ച ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 57കാരനായ ലീലാധർ ലക്ഷ്മൺ ഗൈഥാനിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. വൈദ്യുതി ബിൽ ലഭിച്ചത് മുതൽ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു .3 മാസത്തെ ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ചാർജായാണ് ലീലാധറിന് ഈ ബില്ല് ലഭിച്ചത്. ഭീമമായ തുക കണ്ട് ഞെട്ടിയ ഇദ്ദേഹം അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.