ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. കഫീൽ ഖാന്റെ ജാമ്യഹർജി 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി. കഫീൽ ഖാന്റെ മാതാവ് നുസ്ഹത് പർവീൻ സമർപ്പിച്ച ഹർജിയാലാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
കഫീൽ ഖാന് ജാമ്യം നൽകണോ വേണ്ടയോ എന്ന് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഫീൽ ഖാന് മേൽ ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ ദേശസുരക്ഷ നിയമത്തിന്റെ കാലാവധി ഈ മാസം 13ന് അവസാനിക്കും. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീൽ ഖാനെ ജനുവരിയിലാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 12ന് പൗരത്വനിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.