ന്യൂഡൽഹി: ഒരുവർഷം നീണ്ട നിയന്ത്രണത്തിന് ശേഷം ജമ്മുകാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കാശ്മീരിലെയും ഓരോ ജില്ലകളിൽ ആഗസ്റ്റ് 15ന് ശേഷം ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ, നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങൾ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു.
രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലാണ് ജസ്റ്റിസ് എൻ. വി .രമണ അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇക്കാര്യം അറിയിച്ചത്.370ാം അനുഛേദം റദ്ദാക്കിയ ജമ്മുകാശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരുവർഷമായി തുടരുകയാണ്. 2ജി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. 4ജി സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽസ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ജമ്മു കാശ്മീർ എന്നിവരാണ് കോടതിയിലെത്തിയത്.