mo

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രൂക്ഷമായ ബീഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ അടിയന്തരമായി പരിശോധന ശക്തിപ്പെടുത്തണമെന്ന് ആവശ്യം. കൊവിഡ് രൂക്ഷമായി തുടരുന്ന 10 സംസ്ഥാനങ്ങളിലെ സാഹചര്യവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കർണാടക മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിയുമാണ് യോഗത്തിൽ പങ്കെടുത്തത്.

കൊവിഡ് രോഗബാധിതരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും 72 മണിക്കൂറിനുള്ളിൽ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കുക എന്ന പുതിയ മന്ത്രം നാം പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചികിത്സയിലുള്ള 80 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളിൽനിന്നാണ്. അതിനാൽ അവിടങ്ങളിൽ വൈറസിനെ പരാജയപ്പെടുത്താനായാൽ രാജ്യത്തിനാകെ വിജയം വരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കി കുറയ്ക്കാൻ ഉടൻ തന്നെ സാധിക്കും. കണ്ടെയ്ൻമെന്റ്, സമ്പർക്കം കണ്ടെത്തൽ, നിരീക്ഷണം എന്നിവയാണ് ഈ യുദ്ധത്തിലെ ഏറ്റവും ഫലപ്രദമായ ആയുധങ്ങൾ. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുകയുമാണ്. രോഗബാധിതരുമായി സമ്പർക്കമുണ്ടായവരെ 72 മണിക്കൂറിനകം കണ്ടെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ എന്നിവ പോലെ ഒരു മന്ത്രം എന്ന നിലയിൽ ഇതും കാണണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.