nkpaug

ന്യൂഡൽഹി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള 20,000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ കശുഅണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 2014 മുതലുളള കശുഅണ്ടി വ്യവസായ മേഖലയിലെ എൻ.പി.എ വായ്‌പകൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി ആശ്വാസം അനുവദിക്കണമെന്ന നിർദ്ദേശം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

25 കോടി രൂപ വരെ അടിസ്ഥാന വായ്പയുളള കശുഅണ്ടി വ്യവസായങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുക, 60ശതമാനം അടിസ്ഥാന വായ്പയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പകൾ പുനഃക്രമീകരിക്കുക, കശുഅണ്ടി മേഖലയ്ക്കായി 2000 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മന്ത്രിക്ക് നിവേദനം നൽകി.