sa

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ ചർച്ചകളിൽ ഭിന്നതകൾ പരിഹരിച്ചതിനെ തുടർന്ന് സച്ചിൻ പൈലറ്റ് ജയ്‌പൂരിൽ തിരിച്ചെത്തി. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടും ഔദ്യോഗിക പക്ഷ എം.എൽ.എമാരും ജയ്‌സാൽമീറിൽ തുടരുകയാണ്.

താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തരത്തിൽ ഗെലോട്ട് നടത്തിയ പരാമർശങ്ങളിൽ വിഷമമുണ്ടെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണെങ്കിലും ഗെലോട്ട് തന്നോട് മിണ്ടാറില്ലായിരുന്നെന്നും സച്ചിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

18 എം.എൽ.എമാർക്കൊപ്പം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിനെതിരെ കലാപമുയർത്തിയ ശേഷം അനുയായികൾക്കൊപ്പം ഹരിയാനയിലെ ഒരു ഹോട്ടലിലായിരുന്ന സച്ചിൻ ഒരു മാസത്തിനു ശേഷമാണ് ജയ്‌പൂരിൽ മടങ്ങിയെത്തിയത്. പ്രശ‌്ന പരിഹാരത്തിനായി താൻ നേതൃത്വത്തിന് മുന്നിൽ ഉപാധികളൊന്നും വച്ചിട്ടില്ലെന്ന് സച്ചിൻ പറഞ്ഞു. തനിക്കെതിരെ അശോക് ഗെലോട്ട് നടത്തിയ 'നിർഗുണൻ' പരാമർശങ്ങളിൽ വേദനയുണ്ട്. പാർട്ടിക്കെതിരെ താൻ പരാമർശമൊന്നും നടത്തിയിട്ടില്ല. ഇത്രയും കാലം താൻ ഗെലോട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. രാജസ്ഥാനിലെ ജനങ്ങൾക്ക് എല്ലാമറിയാം. പാർട്ടിയിൽ എതിർപ്പും ആശങ്കകളും ഉയർത്തുന്നത് തെറ്റല്ലെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

ഒരേ സർക്കാരിന്റെ ഭാഗമാണെങ്കിലും 18 മാസത്തോളം മുഖ്യമന്ത്രി തന്നോട് സംസാരിച്ചിട്ടില്ല. എതിർപ്പുകൾ ഇവിടെ ഉയർത്തിയിട്ട് കാര്യമില്ലെന്ന് തോന്നി. തനിക്കും അനുയായികൾക്കുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിലാണ് സംസ്ഥാനം വിട്ടത്. ഹരിയാനയിൽ തങ്ങൾ ആരുടെയും അതിഥകളായിരുന്നില്ലെന്നും ബി.ജെ.പി സർക്കാർ സഹായിച്ചെന്ന ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

അതേസമയം അശോക് ഗെലോട്ട് ജയ്‌സാൽമീറിലെ ഹോട്ടലിൽ ഔദ്യോഗിക എം.എൽ.എമാരെ പങ്കെടുപ്പിച്ച് നിയമസഭാ കക്ഷി യോഗം ചേർന്നു.