ന്യൂഡൽഹി: കോവിഡ് തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ലെന്നും സാഹചര്യം അനുകൂലമായാൽ ഡിസംബറിൽ തുറക്കുന്നത് ആലോചിക്കുമെന്നും കേന്ദ്ര മാനവ ശേഷി മന്ത്രാലയം വ്യക്തമാക്കി. അദ്ധ്യയന വർഷം ഉപേക്ഷിക്കാതെ കോളജുകളിലെയും സ്‌കൂളുകളിലെയും വാർഷിക പരീക്ഷ നടത്താമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം സെക്രട്ടറി അമിത് ഖരെ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അറിയിച്ചു ഓൺലൈൻ പാഠങ്ങൾ മൂന്നാം ക്ലാസിനു മുകളിലുള്ള കുട്ടികളെ മാത്രം ഉദ്ദേശിച്ചാണെന്നും എട്ടാം ക്ലാസു വരെ പരിമിതമായ ക്ലാസുകൾ മാത്രമായിരിക്കുമെന്നും അറിയിച്ചു. ഒന്ന് മുതൽ 12 വരെയുള്ള വിദ്യാർത്ഥികളിൽ 30 ശതമാനത്തിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവുന്നില്ലെന്ന് സമിതി വിലയിരുത്തി.
മാർച്ച് പകുതിയോടെയാണ് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. ക്ലാസുകൾ നഷ്ടമായതോടെ സി.ബി.എസ്.ഇ 9 മുതൽ 12 വരെ സിലബസ് 30 ശതമാനം കുറച്ചു. സെപ്തംബർ 30നുള്ളിൽ ബിരുദ അവസാന വർഷ പരീക്ഷ നടത്തണമെന്ന നിലപാടിലാണ് യു.ജി.സി.