ന്യൂഡൽഹി/ തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് എൻ.ഐ.എ അഡിഷണൽ എസ്.പി എ.പി ഷൗക്കത്തലി, ഡിവൈ.എസ്.പി സി.രാധാകൃഷ്ണപിള്ള എന്നിവർക്കടക്കം 9 മലയാളികൾ അർഹരായി. കേരള പൊലീസിലെ ഏഴ് പേർക്ക് മെഡലുണ്ട്.
എസ്.പിമാരായ കെ.ഇ.ബൈജു (വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം), ബി. കൃഷ്ണകുമാർ (ട്രാഫിക് സൗത്ത് സോൺ, തിരുവനന്തപുരം), ഡിവൈ.എസ് പിമാരായ സി.ഡി. ശ്രീനിവാസൻ (നർക്കോട്ടിക് സെൽ , പാലക്കാട്), ഗിരീഷ് പി.സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ.എം. ദേവസ്യ (ഡിവൈ. എസ്.പി, ആലത്തൂർ), കെ.ഇ പ്രേമചന്ദ്രൻ (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ), ജി.ജോൺസൺ (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അർഹരായ കേരള പൊലീസ് ഉദ്യോഗസ്ഥർ.
രാജ്യത്താകെ 121 പേരാണ് ഈവർഷം മെഡലിന് അർഹരായത്. ഇതിൽ 15 പേർ സി.ബി.ഐയിൽ നിന്നാണ്. മദ്ധ്യപ്രദേശ്,മഹാരാഷ്ട്ര പൊലീസിലെ പത്തു പേർക്ക് വീതവും, യു.പിയിലെ എട്ട്, പശ്ചിമബംഗാളിലെ ഏഴ് പൊലീസുകാർക്കും മെഡൽ ലഭിച്ചു. 21 പേർ വനിതകളാണ്.
സ്വർണക്കടത്ത് കേസിൽ അന്വേഷണം തുടങ്ങി 24 മണിക്കൂർ തികയും മുൻപ് സ്വപ്നയെയും സന്ദീപിനെയും കുടുക്കിയ എൻ.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലി കേരളാ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയതാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടും ക്രിമിനലുകളെ ശക്തമായ രാഷ്ട്രീയ എതിർപ്പ് വകവയ്ക്കാതെ പിടികൂടിയതും ഷൗക്കത്തലിയാണ്. 1995ൽ ഒന്നാംറാങ്കോടെ കേരളാ പൊലീസിൽ എസ്.ഐയായെത്തിയ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്. ഐസിസ് റിക്രൂട്ട്മെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദക്കേസുകൾ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഇദ്ദേഹത്തിനായിരുന്നു. 150ലേറെപ്പേർ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.
കൊല്ലം സ്വദേശിയായ ഡിവൈ.എസ്.പി രാധാകൃഷ്‌ണപിള്ള സി.ആർ.പി.എഫിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ എൻ.ഐ.എയിലെത്തിയത്. കേരളത്തിൽ എൻ.ഐ.എ അന്വേഷിച്ച ആദ്യകേസായ കോഴിക്കോട് ഇരട്ട സ്ഫോടനം മുതൽ മിക്ക കേസുകളും അന്വേഷിച്ചത് രാധാകൃഷ്ണപിള്ളയുടെ സംഘമായിരുന്നു. കേരളാ പൊലീസ് വിട്ടയച്ച പ്രതികളെപ്പോലും പിടികൂടിയും ചിലരെ മാപ്പുസാക്ഷിയാക്കിയും അദ്ദേഹം നടത്തിയ അന്വേഷണം ഏറെ പ്രശംസ നേടിയിരുന്നു.