ന്യൂഡൽഹി: ഡൽഹി കാരവൻ മാഗസിനിലെ മൂന്ന് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. പ്രഭ്ജീത് സിംഗ്, ഷാഹിദ് താന്ത്രെ, വനിത മാദ്ധ്യമപ്രവർത്തക എന്നിവരെയാണ് ആൾക്കൂട്ടം കൈയേറ്റം ചെയ്തത്.
വടക്കുകിഴക്കൻ ഡൽഹിയിലെ സുഭാഷ് മൊഹല്ലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഡൽഹി കലാപവുമായി ബന്ധപ്പെട്ട വാർത്ത ചെയ്യാനായാണ് മാദ്ധ്യമപ്രവർത്തകർ എത്തിയത്. ബി.ജെ.പിയുടെ കൊടിയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘം ഇവരെ തടഞ്ഞു. ബി.ജെ.പി. ജനറൽ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഐഡന്റിറ്റി കാർഡ് ചോദിച്ചു. തുടർന്ന് മാദ്ധ്യമപ്രവർത്തകർക്ക് നേരെ വർഗീയ പരാമർശങ്ങൾ നടത്തി, പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്യുകയായിരുന്നു. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞു. നഗ്നത പ്രദർശനം നടത്തി. പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഡൽഹി കലാപത്തിൽ രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്ക് പുറത്തു കൊണ്ടുവന്നതിൽ കാരവൻ നിർണായക പങ്കുവഹിച്ചിരുന്നു.