pranab

ന്യൂഡൽഹി: മസ്‌തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്‌സിജന്റെയും മറ്റു ഘടകങ്ങളുടെയും അളവ് തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

'അദ്ദേഹത്തിന് ദൈവം ഏറ്റവും നല്ലത് വരുത്തട്ടെ" എന്ന് മകൾ ശർമ്മിഷ്ഠ മുഖർജി ട്വീറ്റ് ചെയ്തു. 'കഴിഞ്ഞവർഷം ആഗസ്റ്റ് എട്ട് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു. അന്നാണ് അദ്ദേഹത്തിന് ഭാരതരത്‌ന ലഭിച്ചത്. ഒരു വർഷം കഴിയുമ്പോൾ അദ്ദേഹം അത്യാസന്നനിലയിലാണ്. അദ്ദേഹത്തിന് ദൈവം ഏറ്റവും നല്ലത് വരുത്തട്ടെ. സന്തോഷവും ദുഃഖവും ഒരുപോലെ സ്വീകരിക്കാനുള്ള ശക്തി തനിക്ക് തരട്ടെയെന്നും" അവർ ട്വിറ്ററിൽ കുറിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആഗസ്റ്റ് പത്തിനാണ് പ്രണബിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 84കാരനായ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.