ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്ക് പ്രാദേശിക ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാൻ തീരുമാനിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു. ഹിന്ദി അറിയാത്തതിന്റെ പേരിൽ വിമാനത്താവളത്തിൽ അപമാനിതയായെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, ചെന്നൈ വിമാനത്താവളത്തിൽ കനിമൊഴിക്ക് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് സി.ഐ.എസ്.എഫ് അന്വേഷണം തുടരുകയാണെന്നും സേന അറിയിച്ചു. പരിശോധനക്കിടെ ഹിന്ദി സംസാരിച്ച സി.ഐ.എസ്.എഫ് വനിതാ ഓഫീസറോട് ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ഹിന്ദി അറിയില്ലെന്നും കനിമൊഴി പറഞ്ഞു. എന്നാൽ ഹിന്ദി അറിയാത്ത നിങ്ങൾ ഇന്ത്യക്കാരിയാണോയെന്നായിരുന്നു ഓഫീസറുടെ മറുചോദ്യം. ഇത് കനിമൊഴി ട്വീറ്റ് ചെയ്തതിന് പിന്നാലെ സി.ഐഎസ്.എഫ് ഇടപെടുകയായിരുന്നു.