ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയെ തുടർന്ന് ഭിന്നത മാറ്റി വച്ച് സച്ചിൻ പൈലറ്റ് മടങ്ങിയെത്തിയതോടെ രാജസ്ഥാൻ കോൺഗ്രസിലും സർക്കാരിലും ഒരു മാസം നീണ്ട പ്രതിസന്ധിക്ക് വിരാമമായി.
'പുറത്തുപോയ ഞങ്ങളുടെ സുഹൃത്തുക്കൾ തിരിച്ചുവന്നിരിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കും.' മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
'എം.എൽ.എമാർക്ക് അതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. അവരോട് ഞാൻ പറഞ്ഞു, എല്ലാം മറക്കൂ, പൊറുക്കൂ. നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും."- ഗെലോട്ട് പറഞ്ഞു.
ജയ്‌സാൽമീരിൽ ക്യാമ്പ് ചെയ്ത ഗെലോട്ട് പക്ഷ എം.എൽ.എമാർ വിമാനത്തിൽ ജയ്‌പൂരിലേക്ക് മടങ്ങിയെത്തി. ഇവരെ നേരെ ജയ്‌പൂർ - ഡൽഹി ഹൈവേയിലുള്ള ഹോട്ടലിൽ എത്തിച്ചു.
സച്ചിൻ പൈലറ്റും പിന്തുണയ്ക്കുന്ന എം.എൽ.എമാരും ജയ്‌പൂരിലേക്ക് ചൊവ്വാഴ്ച തന്നെ മടങ്ങിയിരുന്നു.
രാജസ്ഥാൻ ബി.ജെ.പിക്കൊരു പാഠമാണെന്നും കുതിരക്കച്ചവട രാഷ്ട്രീയം പരാജയപ്പെട്ടെന്നും കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർരഞ്ജൻ ചൗധരി പറഞ്ഞു. സ്വന്തം എം.എൽ.എമാരെ ബി.ജെ.പി മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് സന്തോഷകരമായ കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.