ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ചയുണ്ടായെന്നും ഇതിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ അടക്കം ആറുപേർ നൽകിയ ഹർജി വാദം കേൾക്കാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹർജിക്കാർക്കായി ഹാജരായത്.
കൊവിഡ് വ്യാപനം തടയാൻ സമയബന്ധിതമായി ഇടപെടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. 1952ലെ കമ്മിഷൻസ് ഒഫ് ഇൻക്വയറി ആക്ട് പ്രകാരം അന്വേഷണ സമിതിയെ നിയമിക്കണമെന്നാണ് ആവശ്യം.
ജനുവരിയിൽ കൊവിഡ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടും അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴച വരുത്തി. മാർച്ച് 25 മുതൽ ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക് ഡൗണും അത് നടപ്പിലാക്കിയ രീതിയും ജനതയുടെ ഉപജീവനമാർഗം, രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ എന്നിവയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കി.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിദഗ്ദ്ധരുമായോ സംസ്ഥാന സർക്കാരുകളുമായോ കൂടിയാലോചിക്കാതെയെടുത്ത ഏകപക്ഷീയവും യുക്തിരഹിതവുമായ തീരുമാനമായിരുന്നു.
ലോകത്തിലെ ഏറ്റവും കഠിനവും നിയന്ത്രിതവുമായ ലോക്ക്ഡൗൺ ആയിരുന്നിട്ടും വൈറസിനെ പിടിച്ചുകെട്ടുന്നതിൽ പരാജയപ്പെട്ടുവെന്നതിന് ഉദാഹരണമാണ് കുടിയേറ്റ തൊഴിലാളികളുടെ ഗ്രാമങ്ങളിലേക്കുള്ള മടങ്ങിപ്പോക്കും വഴിയരികിലെ മരണങ്ങളും.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ദുരിതാശ്വാസം നൽകുന്നതിൽ ദേശീയ തലത്തിൽ പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റും ആവശ്യത്തിന് പി.പി.ഇ കിറ്റുകളും സുരക്ഷാ സംവിധാനങ്ങളും എത്തിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.