ന്യൂഡൽഹി: പിഞ്ചുകുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും വഴി ആംബുലൻസ് ഡ്രൈവർ ഉച്ചഭക്ഷണത്തിനായി ഒന്നര മണിക്കൂർ വണ്ടി നിറുത്തിയിട്ടതിനെത്തുടർന്ന് ഒരു വയസുകാരന് ദാരുണാന്ത്യം.
ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. വയറിളക്കത്തിന് സമാനമായ രോഗലക്ഷണങ്ങളെ തുടർന്ന് പി.ആർ.എം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി എസ്.സി.ബി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡ്രൈവറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്.
റോഡരികിലുളള ഭക്ഷണശാലയിൽ വാഹനം നിർത്തിയ ഡ്രൈവറും ഫാർമസിസ്റ്റും അനാവശ്യമായി സമയം ചെലവഴിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഭക്ഷണം കഴിച്ച് ഉടൻ തിരിച്ചെത്താമെന്ന് പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങിയ ഇരുവരും ഒന്നരമണിക്കൂർ കഴിഞ്ഞാണ് മടങ്ങിയെത്തിയത്. അതിനിടെ കുട്ടിയുടെ ജീവൻ നഷ്ടമായതായി ബന്ധുക്കൾ ആരോപിക്കുന്നു. സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ നിലനിറുത്താനാകുമായിരുന്നെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
ഭക്ഷണം കഴിച്ച് ഡ്രൈവറും ഫാർമസിസ്റ്റും തിരിച്ച് എത്തിയ ശേഷം കട്ടക്കിലേക്ക് യാത്ര തുടരുന്നതിനിടെ, കുട്ടിയുടെ നില വഷളായി. അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഷാകുലരായ ബന്ധുക്കൾ ഡ്രൈവറെയും ഫാർമസിസ്റ്റിനെയും ആക്രമിച്ചു.