ന്യൂഡൽഹി: ശ്രീകൃഷ്ണ ജന്മാഷ്ടമി ദിവസമായതിനാൽ ജയിലിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെത്തിയ ഹർജിക്കാരനെ നർമരൂപേണ പരിഹസിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. 'നിങ്ങൾക്ക് വേണ്ടത് ജയിലോ ജാമ്യമോ? ഇന്ന് ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിവസമാണ്. നിങ്ങൾക്ക് ഇന്ന് ജയിലിൽ നിന്ന് പോകണോ?' ചീഫ് ജസ്റ്റിസ് തമാശരൂപേണ ചോദിച്ചതായി അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ധർമ്മേന്ദ്ര വാൽവിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 25,000 രൂപ കെട്ടിവച്ച് ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു. 1994 ൽ ബി.ജെ.പി. പ്രവർത്തകനെ കൊലപ്പെടുത്തി എന്നതാണ് കോൺഗ്രസ് പ്രവർത്തകനായ ധർമേന്ദ്ര വാൽവിക്ക് എതിരായ കേസ്.