ന്യൂഡൽഹി: ഹൈക്കമാൻഡിന്റെ ഇടപെടലിനെ തുടർന്ന് തിരിച്ചു വന്ന സച്ചിൻ പൈലറ്റ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം വേദി പങ്കിട്ട് ഒരുമാസമായി നിലനിന്ന രാഷ്‌ട്രീയ അനിശ്‌ചിതത്വം അവസാനിപ്പിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി സച്ചിന്റെ അനുയായികളും എം.എൽ.എമാരുമായ ബൻവർലാൽ ശർമ്മ, വിശ്വേന്ദ്ര സിംഗ് എന്നിവർക്കെതിരായ സസ്‌പെൻഷൻ പിൻവലിച്ചു.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും താത്‌പര്യം മുൻനിറുത്തി ഒരു മാസത്തിനിടെയുണ്ടായ തെറ്റിദ്ധാരണകളെല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
പൊറുത്തും മറന്നും ജനാധിപത്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോൾ മുൻതൂക്കം നൽകേണ്ടത്. സർക്കാരുകളെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുകളെ തുടർന്ന് ഭിന്നതകൾ തത്‌കാലം മറന്ന ഗെലോട്ടും സച്ചിൻ പൈലറ്റും ഒന്നിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഔദ്യോഗിക പക്ഷം എം.എൽ.എമാരെ ജയ്‌പൂരിലേക്ക് കൊണ്ടുവന്നിരുന്നു. ഇവർക്കൊപ്പം സച്ചിനും വിമത എം.എൽ.എമാരും മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. സച്ചിനെ യോഗത്തിൽ പങ്കെടുക്കാൻ ഗെലോട്ട് നേരിട്ട് ക്ഷണിച്ചു. രണ്ട് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ നൽകിയ വിപ്പ് ലംഘിച്ചതിനായിരുന്നു സച്ചിനെതിരെ സ്‌പീക്കർ നോട്ടീസ് അയച്ചത്. അതസമയം സച്ചിനെതിരെയുള്ള അയോഗ്യതയുമായി ബന്ധപ്പെട്ട കേസ് ഇന്നലെ പരിഗണിക്കവെ നിയമസഭാ സമ്മേളനത്തിന്റെ അജണ്ടയെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. അജണ്ട ഇന്നുരാവിലെയാണ് തീരുമാനിക്കുകയെന്ന് സ്‌പീക്കർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു.
നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചിനും 18 എം.എൽ.എമാരും തിരിച്ചെത്തിയതിനാൽ പ്രമേയം ഗെലോട്ട് സർക്കാരിന് ഭീഷണിയാകില്ല. അതേസമയം, സർക്കാരിന്റെ വിശ്വാസ്യത തെളിയിക്കാൻ കോൺഗ്രസ് പാർട്ടിയും അവിശ്വാസപ്രമേയം കൊണ്ടുവരാൻ തയാറാണെന്ന് ഗെലോട്ട് പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പിയുമായി സഹകരിച്ചെന്ന ആരോപണത്തിലാണ് രണ്ട് എം.എ.എമാരെ കോൺഗ്രസ് നേരത്തെ പുറത്താക്കിയത്. വ്യവസായി സഞ്ജയ് ജെയിനുമായി ഇവർ നടത്തിയതെന്ന് പറയപ്പെടുന്ന ഫോൺ ശബ്‌ദരേഖ പുറത്തു വന്നിരുന്നു. ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയ എത്തിയ സാഹചര്യത്തിലാണ് ഇവർക്കെതിരെയുള്ള നടപടി പിൻവലിച്ചത്.