ന്യൂഡൽഹി:പരിസ്ഥിതി ആഘാത കരട് വിജ്ഞാപനം (ഇ.ഐ.എ. 2020) പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കണമെന്ന ഡൽഹി ഹൈക്കോടതി നിർദ്ദേശം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച് ശരിവച്ചു. അതേ സമയം ഈ കേസിൽ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡൽഹി ഹൈക്കോടതി ആരംഭിച്ച കോർട്ടലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കരട് വിജ്ഞാപനത്തിൽ ഡൽഹി ഹൈക്കോടതിയിലെ ഹജിയിൽ നടപടികൾ തുടരാമെന്നും വ്യക്തമാക്കി.
കരട് വിജ്ഞാപനം മറ്റ് ഭാഷകളിലും പ്രസിദ്ധീകരിച്ചു കൂടേയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആരാഞ്ഞു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ വിജ്ഞാപനം പല സംസ്ഥാനങ്ങളിലെയും ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് മനസിലാകണം എന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഭാഷാ ചട്ട പ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാവൂ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
ഔദ്യോഗിക ഭാഷാ ചട്ടം ഭേദഗതി ചെയ്യുന്നത് കേന്ദ്ര സർക്കാരിന് പരിഗണിച്ചു കൂടേയെന്ന് അപ്പോൾ ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിവർത്തനം പലപ്പോഴും ഫലപ്രദം ആയിരിക്കില്ലെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. ആൽബർട്ട് ഐൻസ്‌റ്റീൻ ഭഗവദ്ഗീത ഇംഗ്ലീഷലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നു. ആദ്ധ്യാത്മികമായ ഗവേഷണ പ്രബന്ധമായി വിവർത്തനം ചെയ്യാനായിരുന്നു ശ്രമം. അത് ഫലിച്ചില്ല. എംബ്രോയിഡറി ചെയ്ത തുണിയുടെ പിറകുവശം പോലെയാണ് വിവർത്തനമെന്നും സോളിസിറ്റർ ജനറൽ അഭിപ്രായപ്പെട്ടു. ഈ വാദം ഇംഗ്ലീഷ് വിവർത്തനങ്ങൾക്ക് ബാധകമല്ലേയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന്റെ എതിർപ്പ് തള്ളി, പ്രാദേശിക ഭാഷകളിൽ കരട് ഇറക്കാൻ നടപടികൾ സ്വീകരിച്ച് അറിയിക്കാൻ നിർദ്ദേശിച്ചു.