ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതിയുടെ വെർച്വൽ ഹിയറിംഗിനിടെ ഹുക്ക വലിച്ച് മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
ആറ് ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിൽ ലയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പി സമർപ്പിച്ച ഹർജി രാജസ്ഥാൻ ഹൈക്കോടതിയുടെ ജയ്പൂർ ബെഞ്ച് പരിഗണിക്കവേയായിരുന്നു ധവാന്റെ ഹുക്ക വലി. ഈ സമയത്ത് കോൺഗ്രസിന് വേണ്ടി കപിൽ സിബൽ വാദിച്ചുകൊണ്ടിരിക്കുകയാണ്. പേപ്പറുകൾ മറയായി ഉപയോഗിച്ചാണ് ധവാൻ ഹുക്ക വലിച്ചത്. മുഖം മറച്ചെങ്കിലും പുക പുറത്തുവന്നു. അഭിഭാഷകന്റെ ഈ പ്രവൃത്തി ജഡ്ജി ശ്രദ്ധിച്ചിരുന്നോ എന്ന് വ്യക്തമല്ല. നേരത്തെ, ഒരു വാദത്തിനിടെ അഭിഭാഷകൻ ടീ ഷർട്ട് ധരിച്ചുവന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ഓൺലൈൻ ആണെങ്കിലും കോടതി നടപടികളിൽ മര്യാദ പുലർത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.