ന്യൂഡൽഹി: ചീഫ് ജസ്റ്റിസുമാർക്കെതിരെ ട്വീറ്റിട്ടതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. ആഗസ്റ്റ് 20ന് ശിക്ഷ തീരുമാനിക്കും. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ഗുരുതരമായി വീഴ്ചയാണ് പ്രശാന്ത് ഭൂഷണിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് 108 പേജുള്ള വിധി പകർപ്പിൽ പറയുന്നു. പ്രശാന്ത് ഭൂഷണിന്റെ പരാമർശങ്ങൾ കോടതിക്ക് അപകീർത്തിയുണ്ടാക്കുന്നതാണ്. ഇന്ത്യൻ ജനാതിപത്യവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുംവിധമാണ് പ്രശാന്തിന്റെ ട്വീറ്റുകൾ. പൊതുജനതാത്പര്യാർത്ഥം കടുത്ത ശിക്ഷ ഇതിന് നൽകിയേ മതിയാകു. കോടതിയുടെ മഹാമനസ്കത ബലഹീനതയായി കാണരുത്. പൊതുജനങ്ങൾക്ക് ജുഡീഷ്യറിയിൽ വിശ്വാസമില്ലാതെയാക്കുന്നതായിരുന്നു പ്രസ്താവനകൾ. ഒരു അഭിഭാഷകനെ ശിക്ഷിക്കേണ്ടി വരികയെന്നത് തീർത്തും അപലപനീയമാണ്. എന്നാൽ നീതിന്യായ വ്യവസ്ഥ കളങ്കപ്പെടാതിരിക്കാൻ ഇത് അനിവാര്യമായിരിക്കുന്നു. വിധിയിൽ പറയുന്നു. 1971ലെ കോടതി അലക്ഷ്യ നിയമപ്രകാരം ആറ് മാസം വരെ തടവോ, രണ്ടായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
വിവാദ ട്വീറ്റുകൾ
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാരെയും പരാമർശിച്ച് ജൂൺ 27നും 29നും നടത്തിയ രണ്ടു ട്വീറ്റുകളാണ് കേസിന് ആധാരം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരിൽ ആഢംബര ബൈക്കായ ഹാർലി ഡേവിഡ്‌സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂൺ 29ന് ഭൂഷൺ ട്വീറ്റ് ചെയ്തത്. 'ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു' എന്നായിരുന്നു ട്വീറ്റ്. എന്നാൽ ബൈക്ക് സ്റ്റാൻഡിലാണെന്ന കാര്യം ശ്രദ്ധിച്ചില്ലെന്നും ട്വീറ്റിന്റെ ആ ഭാഗത്തിൽ ഖേദിക്കുന്നുവെന്നും ആഗസ്റ്റ് 2 ന് അദ്ദേഹം വിശദീകരണം നൽകി.
ജൂൺ 27ലെ ട്വീറ്റിൽ അദ്ദേഹം മുൻ ചീഫ് ജസ്റ്റുമാരെ വിമർശിക്കുന്ന തരത്തിലുള്ള ട്വീറ്റും നടത്തിയിരുന്നു. തന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് വെളിപ്പെടുത്തിയതെന്നും ജഡ്ജിമാരെ വ്യക്തിപരമായി വിമർശിക്കുന്നത് ജുഡിഷ്യറിയുടെയും സുപ്രീംകോടതിയുടെയും അന്തസ് ഇടിച്ചു താഴ്ത്തില്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വിശദീകരണം. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസും അധികാരവും നശിപ്പിക്കുന്ന പ്രസ്താവനയാണ് പ്രശാന്ത് ഭൂഷന്റേതെന്നു കോടതി വ്യക്തമാക്കിയിരുന്നു.