covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. മരണം 49,000ത്തിലേക്ക് അടുത്തു. കൊവിഡ് രൂക്ഷമായ രാജ്യങ്ങളിൽ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം മൂന്നാമതും മരണങ്ങളിൽ നാലാമതുമാണ് ഇന്ത്യ. പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയിലാണ് നിലവിൽ കൂടുതൽ. 60,000ത്തിലേറെ രോഗികളാണ് ദിനവും രാജ്യത്തുണ്ടാകുന്നത്. ശരാശരി എണ്ണൂറിലേറെ മരണവും സ്ഥിരീകരിക്കുന്നു. മരണം മഹാരാഷ്ട്രയിൽ 20,000ലേക്ക് അടുത്തു. തമിഴ്‌നാട്ടിൽ 5000ഉം ഡൽഹിയിൽ 4000ഉം കർണാടകയിൽ 3000ഉം പിന്നിട്ടു.

രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്ന് 71.17 ശതമാനമായി. ആകെ രോഗമുക്തരുടെ എണ്ണം 17.5 ലക്ഷത്തിലധികമായി ഉയർന്നു. മരണനിരക്ക് വീണ്ടും കുറഞ്ഞ് 1.95 ശതമാനമായി. പ്രതിദിന പരിശോധനകളുടെ എണ്ണം 8.5 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 8,48,728 പരിശോധനകളെന്ന റെക്കോർഡ് നേട്ടത്തിലാണ് രാജ്യമെത്തിയത്. പരിശോധനകൾ വർദ്ധിപ്പിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. 23 ലക്ഷം പി.പി.ഇ കിറ്റുകൾ അമേരിക്ക, യു.കെ, യു.എ.ഇ, സെനഗൽ, സ്ലോവാനിയ എന്നീ അഞ്ചുരാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരാഴ്ചത്തെ പ്രതിദിന രോഗികൾ, മരണം

ആഗസ്റ്റ് 7- 61455 - 937
ആഗസ്റ്റ് 8- 65156 - 875
ആഗസ്റ്റ് 9- 62117 - 1013
ആഗസ്റ്റ് 10- 53016 - 887
ആഗസ്റ്റ് 11- 61252 - 835
ആഗസ്റ്റ് 12- 67066 - 950
ആഗസ്റ്റ് 13- 64142 -1006