civil-service

ന്യൂഡൽഹി: യു.പി.എസ്.സി കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷയിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇ.ഡബ്ളു.എസ്) കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്‌ചയിച്ചത് വിവാദത്തിൽ. പ്രിലിമിനറി, മെയിൻ, അവസാന ഘട്ടം പരീക്ഷകളിൽ ഈ വിഭാഗത്തിന് നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് ഒ.ബി.സി വിഭാഗത്തെക്കാൾ താഴെ. മെയിൻ പരീക്ഷയിലാവട്ടെ, പട്ടികജാതി, പട്ടികവർഗക്കാർക്ക് നിശ്‌ചയിച്ചതിനെക്കാളും താഴെയും

വിവിധ വിഭാഗങ്ങൾക്ക്

നിശ്‌‌ചയിച്ച കട്ട് ഓഫ് മാർക്ക് :

(പ്രിലിമിനറി,മെയിൻ,അവസാന

ഘട്ടം എന്ന ക്രമത്തിൽ)

ജനറൽ - 98, 751, 961

സാമ്പത്തിക

സംവരണം - 90, 696, 909

ഒ.ബി.സി - 95.3, 718, 925,

പട്ടിക ജാതി - 82 ,706, 898

പട്ടിക വർഗം- 77.3, 699, 893

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ച ശേഷം ആദ്യമായാണ് സിവിൽ സർവീസ് പരീക്ഷയിൽ അതു നടപ്പാക്കുന്നത്.എന്നാൽ ,സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന്, വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയുമാണ്. ഇതിനിടയിലാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയ്‌ക്ക് സാമ്പത്തിക സംവരണത്തിന് മറ്റു വിഭാഗങ്ങളെക്കാൾ കുറഞ്ഞ കട്ട് ഓഫ് മാർക്ക് തീരുമാനിച്ചത്.

യു.പി.എസ്.സി കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ 829 പേരാണ് ഐ.എ.എസ്, എെ.എഫ്.എസ്, ഐ.പി.എസ്, ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി കേന്ദ്ര സർവീസുകളിൽ നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 78 പേർ മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലും 251 പേർ ഒ.ബി.സിയിലും 129പേർ പട്ടികജാതിയിലും 67പേർ പട്ടികവർഗത്തിലും ഉൾപ്പെട്ടവരാണ്.