sc

ന്യൂഡൽഹി: സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിൽ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കൊവിഡ് മഹാമാരിയെപ്പോലുള്ള അടിയന്തര സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ ജുഡീഷ്യറി ഇടപെടരുതെന്ന പൊതുവായ കാഴ്ചപ്പാടു ചൂണ്ടിക്കാട്ടിയാണ് നടപടി.

സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളെക്കുറിച്ച് സ്വതന്ത്ര സമിതിയുടെ അന്വേഷണത്തിന് ഉത്തരവിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മഹാമാരി പോലെയുള്ള അടിയന്തര സഹചര്യങ്ങളിലെ എക്‌സിക്യൂട്ടിവ് നടപടികളിൽ കോടതികൾ ഇടപെടരുതെന്നാണ് പൊതുവായ കാഴ്ചപ്പാടെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സർക്കാർ നടപടികളിൽ മൗലിക അവകാശ ലംഘനമുണ്ടായോയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. ജനുവരി തുടക്കത്തിൽ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിട്ടും കൊവിഡ് പ്രതിരോധത്തിനായി സർക്കാർ വേണ്ടത്ര നടപടിയെടുത്തില്ലെന്നാണ് ഹർജിയിലെ ആക്ഷേപം.