ന്യൂഡൽഹി: സാരിയുടുത്താൽ പ്രതിരോധശേഷി കൂടും?! തമാശയല്ല സീരിയസാണേ. മദ്ധ്യപ്രദേശിലെ ഹാൻഡ്‌ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ പുറത്തിറക്കിയ സാരിയുടെ പരസ്യവാചകമാണിത്. സാരിയുടെ പേര് ആയുർവസ്ത്ര.
ഔഷധ സുഗന്ധവ്യജ്ഞനങ്ങളിൽ നിന്നുള്ള സത്ത് ഉപയോഗിച്ച് നിർമിച്ചതാണ് സാരിയെന്നാണ് അവകാശവാദം. ഈ സുഗന്ധവ്യജ്ഞനങ്ങൾക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുമെന്നും അതുകൊണ്ട് സാരി രോഗങ്ങളിൽ നിന്ന് കാക്കുമെന്നുമാണ് പ്രചരിപ്പിക്കുന്നത്.
സാരി കൂടാതെ കുർത്ത, മാസ്‌ക് പോലുള്ള മറ്റ് ഉൽപന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. ഗ്രാമ്പു, ഏലക്ക, കറുവപട്ട, കുരുമുളക്, മഞ്ഞൾ തുടങ്ങിയവയാണ് സാരിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. എല്ലാ സുഗന്ധവ്യജ്ഞനങ്ങളും അരച്ച് ചേർത്ത് 48 മണിക്കൂർ വെള്ളത്തിൽ സൂക്ഷിക്കുന്നു. അതിനുശേഷം വെള്ളം ചൂടാക്കി അതിന്റെ ആവിയിൽ തുണികൾ കാണിച്ച് അണുമുക്തമാക്കുന്നു. ഈ തുണി ഉപയോഗിച്ചാണ് സാരിയും മറ്റ് വസ്ത്രങ്ങളും നിർമിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു.