dhanush

ധനുഷ് മേനോനും അബ്ദുൾ റാഷിദ് കലാസും

ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മുകാശ്‌മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റാഷിദ് കലാസിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകി. സമാധാനകാലത്തെ രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയാണ് കീർത്തിചക്ര.

മലയാളിയായ വ്യോമസേനാ വിംഗ് കമാൻഡർ വൈശാഖ് നായർ ഉൾപ്പെടെ 9 പേർക്ക് മൂന്നാമത്തെ ബഹുമതിയായ ശൗര്യചക്രയും ലഭിച്ചു.

വ്യോമസേനയിലെ സ്‌കാഡ്രൺ ലീഡർ അരുൺ .ബി ധീരതയ്ക്കുള്ള വായുസേനാ മെഡലും നാവികസേനാ കമാൻഡർ ധനുഷ് മേനോൻ ധീരതയ്ക്കുള്ള നാവികസേനാ മെഡലും നേടി. ഇതുൾപ്പെടെ മൂന്ന് സേനകളിലും അർദ്ധസേനകളിലുമായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 84 പേർക്കാണ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ ലഭിച്ചത്. ( ഒരു കീർത്തിചക്ര, 9 ശൗര്യചക്ര, അഞ്ച് ബാർ ടൂ സേനാ മെഡൽ, 60 സേനാ മെഡൽ, നാല് നാവികസേനാ മെഡൽ, 5 വായുസേനാ മെഡൽ )​

കാശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലെ ധീരതയ്ക്ക് ലെഫ്.കേണൽ കൃഷൻസിംഗ് റാവത്ത് (പാരച്യൂട്ട് റെജിമെൻറ്), മറാത്ത ലൈറ്റ് ഇൻഫന്ററിയിലെ മേജർ അനിൽ യു.ആർ.എസ്, ഹവിൽദാർ അലോക് കുമാർ ദുബെ (രജ്പുത്ത് 44 ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ്), ജമ്മുകാശ്മീർ പൊലീസ് ഡി.ഐ.ജി അമിത് കുമാർ എന്നിവർക്കും മരണാനന്തര ബഹുമതിയായി സി.ഐ.എസ്.എഫിലെ എസ്.ഐ മഹാവീർ പ്രസാദ് ഗോദ്ര, ഹെഡ്‌കോൺസ്റ്റബിൾ ഏർണ നായക, കോൺസ്റ്റബിൾമാരായ മഹേന്ദ്രകുമാർ പാസ്വാൻ,സതിഷ് പ്രസാദ് കുശ്‌വാഹ എന്നിവർക്കും ശൗര്യചക്ര ലഭിച്ചു.

ഓപ്പറേഷൻ മേഘ്ദൂത്, ഓപ്പറേഷൻ രക്ഷക് എന്നിവയിൽ പങ്കെടുത്ത 19 പേർക്ക് മെൻഷൻ ഇൻ ഡെസ്പാച്ചസും ലഭിച്ചു.
.