ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിനായ കൊ-വാക്സിൻ മനുഷ്യരിൽ പാർശ്വഫലങ്ങളുണ്ടാക്കില്ലെന്ന് ആദ്യ ഘട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞതായി റിപ്പോർട്ട്. ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയാണ് കൊ വാക്സിൻ വികസിപ്പിച്ച് പരീക്ഷണം നടത്തുന്നത്.
ഡൽഹി എയിംസ്, പാട്ന എയിംസ്, ഹരിയാനയിലെ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നാഗ്പൂരിലെ ഗില്ലർക്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുങ്ങി 12 ആശുപത്രികളിലായി 375 പേരിൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്സിൻ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. വാക്സിൻ കുത്തിവച്ച ഇവരിൽ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഈമാസം അവസാനം വരെ നീളും. തുടർന്ന് വാക്സിൻ രോഗത്തെ എത്രത്തോളം തടയുമെന്ന് കണ്ടെത്താനുള്ള രണ്ടാം ഘട്ട ട്രയൽ തുടങ്ങും.
വാക്സിൻ കുത്തിവച്ച വോളണ്ടിയർമാരിൽ പാർശ്വ ഫലങ്ങളോ, മറ്റ് കുഴപ്പങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാനയിൽ റോത്തക്കിലുള്ള പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ പ്രിൻസിപ്പൽ ഇൻവിജിലേറ്റർ ഡോ. സവിതാ വർമ്മ അറിയിച്ചു.
കൊവാക്സിനു പുറമെ ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിന്റെയും പ്രശസ്ത ഔഷധ നിർമ്മാതാക്കളായ സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്സിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങളും ഇന്ത്യയിൽ നടക്കുന്നുണ്ട്.