ന്യൂഡൽഹി: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്കു യാത്ര ചെയ്യാനുള്ള പ്രത്യേക വിമാനം: എയർഇന്ത്യാ-1 ഉടൻ യു.എസിൽ നിന്ന് ഇന്ത്യയിലെത്തും. ഇന്ത്യ ഓർഡർ നൽകിയ രണ്ടു വിമാനങ്ങളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ ഉന്നത ഉദ്യോഗസ്ഥർ യു.എസിലേക്ക് തിരിച്ചിട്ടുണ്ട്.ബോയിംഗ് 777 ഇ. ആർ വിമാനമാണ് വി.വി.ഐ.പി യാത്രയ്‌ക്കുള്ള സ്‌പെഷൽ എക്‌സ്‌ട്രാ സെക്‌ഷൻ ഫ്ളൈറ്റ്(എസ്.ഇ.എസ്.എഫ്) ആയി മാറ്റുന്നത്. ഇന്ത്യയ്‌ക്ക് കൈമാറാനുള്ള എയർഇന്ത്യാ-1 വിമാനത്തിന് യു.എസിലെ പരമോന്നത വ്യോമയാന സമിതിയായ ഫെഡറൽ ഏവിയേഷൻ അഡ‌്മിനിട്രേഷൻ ഉപയോഗത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു.നിലവിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും യാത്രയ്‌ക്ക് ഉപയോഗിക്കുന്ന ബി. 777 വിമാനത്തെക്കാൾ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പുതിയ എയർഇന്ത്യാ-1നുണ്ട്. ഹാക്ക് ചെയ്യാനാകാത്ത കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ വിമാനത്തിന്റെ പ്രത്യേകതയാണ്. വി.വി.ഐ.പി സ്യൂട്ട്, മെഡിക്കൽ സെന്റർ, പത്രസമ്മേളന ഹാൾ, ഓഫീസ് സംവിധാനം, ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ തികച്ചും ആധുനിക സൗകര്യങ്ങളോടെയാണ് വിമാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ശേഷം വ്യോമസേനയ്‌ക്കായിരിക്കും വിമാനത്തിന്റെ നിയന്ത്രണം. അറ്റകുറ്റപ്പണികൾ എയർഇന്ത്യ നിർവഹിക്കും.