fad

ന്യൂഡൽഹി: ഇക്കൊല്ലം ഒടുവിൽ നടക്കേണ്ട ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചുക്കാൻ പിടിക്കും. ഇന്നലെ വീഡിയോ കോൺഫറൻസ് വഴി നടന്ന കോർ കമ്മിറ്റി യോഗത്തിൽ ഫഡ്‌നാവിസ് ഔദ്യോഗികമായി ചുമതലയേറ്റു. വൈകാതെ സംസ്ഥാനത്തെത്തുന്ന ഫഡ്നാവിസ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.

കോർ കമ്മിറ്റി യോഗത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡി, ബീഹാർ ബി.ജെ.പി അദ്ധ്യക്ഷൻ സഞ്ജയ് ജസ്വാൾ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബീഹാറിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവ് തുടങ്ങിയവർ പങ്കെടുത്തു. ഒക്‌ടോബർ, നവംബർ മാസത്തിലാകും ബിഹാറിലെ തിരഞ്ഞെടുപ്പ്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ ബീഹാർ-മഹാരാഷ്‌ട്ര സർക്കാരുകൾ തമ്മിൽ പോരടിക്കുന്ന സമയത്ത് ഫഡ്‌നാവിസിന് തിരഞ്ഞെടുപ്പ് ചുമതല നൽകിയത് ശ്രദ്ധേയമായി. സുശാന്തിന്റെ മരണം അന്വേഷിക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശ്രമം നടത്തുന്നില്ലെന്ന് ഫഡ്‌നാവിസ് നേരത്തെ ആരോപിച്ചിരുന്നു.