modi


സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്റെ ഭാഗമായി രാജ്യത്തെ എല്ലാ പൗരൻമാർക്കും സമഗ്രമായ ആരോഗ്യവിവരങ്ങൾ ലഭ്യമാകുന്ന തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയിൽ വിപ്ലവകരമായ പരിവർത്തനത്തിന് വഴിയൊരുക്കും.

ഓരോ വ്യക്തിയും നടത്തിയ ആരോഗ്യ പരിശോധനകൾ, കണ്ടെത്തിയ രോഗങ്ങൾ, പരിശോധിച്ച ഡോക്‌ടറുടെ വിവരങ്ങൾ, കുറിച്ച മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ കാർഡിലുണ്ടാവും. മോദി സർക്കാർ നടപ്പാക്കിയ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസിന്റെ തുടർച്ചയായ പദ്ധതി മൊബൈൽ ആപ്പ് വഴിയാവും നടപ്പാക്കുക. ഡോക്‌ടർമാരെ കാണാനുള്ള സൗകര്യം, ഡോക്‌ടറുടെ ഡിജിറ്റൽ സേവനം,ആരോഗ്യ വിദഗ്‌ദ്ധരുടെ രജിസ്‌ട്രി, ചികിത്സയ്‌ക്കും മറ്റുമുള്ള പണം നിക്ഷേപിക്കൽ, ചികിത്സാ നടപടി ലളിതമാക്കൽ തുടങ്ങി നിലവിലുള്ള എല്ലാ ആരോഗ്യ സംവിധാനങ്ങളും ഒറ്റ കാർഡിലേക്ക് സമന്വയിപ്പിക്കും.

എല്ലാ പൗരൻമാരുടെയും ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച ഡേറ്റാ ബേസ് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും ലഭിക്കും.അതേസമയം,വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ഗവേഷണ, ഔഷധനിർമ്മാണ കമ്പനികൾക്കും ഏറെ താത്പര്യമുള്ളതാണ്. സ്വകാര്യ മേഖയ്‌ക്കും പദ്ധതിയിൽ പങ്കാളിത്തമുണ്ടാവുന്ന സാഹചര്യത്തിൽ, ഡേറ്റാ ബേസ് സുരക്ഷിതമാക്കാൻ വിശദമായ മാർഗരേഖ സർക്കാർ പുറത്തിറക്കുമെന്നാണ് സൂചന.

പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുക ചണ്ഡീഗഡ്, ലഡാക്, ദാദ്ര നാഗർ ഹാവേലി, ദാമൻ ദിയു, പുതുച്ചേരി, ആൻഡമാൻ നിക്കോബർ ദ്വീപുകൾ, ലക്‌ഷദ്വീപുകൾ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു.

3 കൊവിഡ് വാക്‌സിൻ

പരീക്ഷണത്തിൽ

കൊവിഡ് പ്രതിരോധത്തിനുള്ള മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ശാസ്ത്രജ്ഞർ പച്ചക്കൊടി കാണിച്ചാൽ അവ വൻതോതിൽ ഉൽപ്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. കൊവിഡ് വ്യാപനം അവസരമാക്കി ആരോഗ്യ അടിസ്ഥാന വികസന രംഗത്ത് രാജ്യം വൻ മുന്നേറ്റം കുറിച്ചു. മഹാമാരിയുടെ ആരംഭത്തിൽ ഒരു ലാബ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്ന് 1,400 ലധികം ലാബുകളുണ്ടെന്നും മോദി പറഞ്ഞു.