ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യു.പിയിലെ യുവജന കായിക വകുപ്പ് മന്ത്രിയുമായ ചേതൻ ചൗഹാൻ കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് യു.പിയിൽ മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചേതൻ ചൗഹാൻ. നേരത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമൽറാണി വരുൺ (62) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലായ് 12ന് ലക്‌നൗ സഞ്ജയ് ഗാന്ധി പി.ജി.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചൗഹാനെ പിന്നീട് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി. വൃക്കകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ചൗഹാൻ 1969 മുതൽ 1981വരെ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിന മത്സരങ്ങളും കളിച്ചു. സുനിൽ ഗാവസ്‌കർ - ചേതൻ ചൗഹാൻ ഓപ്പണിംഗ് കൂട്ട്‌കെട്ട് മൂവായിരത്തിലേറെ റൺസുകൾ നേടി. രഞ്ജി ട്രോഫിയിൽ ഡൽഹിക്കും മഹാരാഷ്ട്രയ്ക്കുമായി കളിച്ചു. ഡൽഹി, ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജരായും പ്രവർത്തിച്ചു.
ബി.ജെ.പി നേതാവായ ചേതൻ ചൗഹാൻ യു.പിയിലെ അമ്‌റോഹ മണ്ഡലത്തിൽ നിന്ന് 1991ലും 1998ലും ലോക്‌സഭയിലെത്തി.1996ലും 1999ലും 2004ലും പരാജയപ്പെട്ടു.1981ൽ അർജുന അവാർഡ് നേടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.