ന്യൂഡൽഹി: ഹിമാലയൻ അതിർത്തിയിൽ നിർമ്മിച്ച റോഡിനെ ചൊല്ലി വഷളായ ഇന്ത്യാ-നേപ്പാൾ ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾക്ക് ഊർജ്ജം നൽകി ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ സംസാരിച്ചു. നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സ്വാതന്ത്ര്യദിന ആശംസ നേർന്നതിനൊപ്പം യു. എൻ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുള്ള അഭിനന്ദനവും അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളിൽ ഇരു നേതാക്കളും ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടൊപ്പം കൊവിഡ് പ്രതിരോധത്തിന് നേപ്പാളിന് ഇന്ത്യയുടെ പിന്തുണ തുടർന്നും ലഭിക്കുമെന്നും മോദി അറിയിച്ചു. ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാൻ ധാരണയിലെത്തിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സഹായത്തോടെ നേപ്പാളിൽ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം ഇന്ന് കാഠ്മണ്ഡുവിൽ നടക്കും.
ലിപുലേഖ് ചുരം വഴി കൈലാസ് മാനസരോവർ യാത്രയുടെ ദൈർഘ്യം കുറയ്‌ക്കാൻ ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചതാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇന്ത്യയിലുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് പുതിയ ഭൂപടമുണ്ടാക്കിയതിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകിയെങ്കിലും ജനങ്ങൾ എതിർത്തത് സർക്കാരിന് തിരിച്ചടിയായി.